johnson-and-johnson

ഷിക്കാഗോ : ജോൺസൺ ആൻഡ് ജോൺസണിന്റെ കൊവിഡ് 19 വാക്സിന്റെ മൂന്നാം ഘട്ട ( അവസാനഘട്ടം ) പരീക്ഷണം യു.എസിൽ ഇന്ന് തുടങ്ങി. സിംഗിൾ ഡോസ് വാക്സിനായ ഇത് 60,000 പേരിലാണ് ഈ ഘട്ടത്തിൽ പരീക്ഷിക്കുക. യു.എസിലും മറ്റു രാജ്യങ്ങളിലുമായി 215 ഓളം സ്ഥലങ്ങളിലാണ് വാക്സിന്റെ പരീക്ഷണം നടക്കുന്നത്.

ജോൺസൺ ആൻഡ് ജോൺസണിന്റെ അനുബന്ധ കമ്പനിയായ ജൻസെൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. യു.എസിൽ മനുഷ്യരിലുള്ള വ്യാപകമായ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലേക്ക് കടക്കുന്ന നാലാമത്തെ കമ്പനിയാണ് ജോൺസൺ ആൻഡ് ജോൺസൺ. മോഡേണ, ഫൈസർ - ബയോൺടെക്, ആസ്ട്രാസെനക എന്നിവയുടെ ട്രയലുകളാണ് നിലവിൽ യു.എസിൽ പുരോഗമിക്കുന്നത്. എന്നാൽ ഈ വാക്സിനുകളെല്ലാം രണ്ട് ഡോസുകൾ വീതമാണ് നൽകുന്നത്. ഇവയുടെ വാക്സിൻ ആദ്യ ഡോസ് നൽകി ആഴ്ചകൾക്ക് ശേഷം വീണ്ടും അടുത്ത ഡോസ് നൽകണം എന്നത് എല്ലാ രോഗികളിലേക്കും മരുന്ന് വേഗത്തിൽ എത്തിക്കുക എന്നതിന് തടസമായേക്കാം.

അതേ സമയം, ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഒറ്റ ഡോസാണ് വോളന്റിയർമാക്ക് നൽകുന്നത്. തങ്ങളുടെ വാക്സിന്റെ ഒറ്റ ഡോസ് തന്നെ മികച്ച ഫലം പ്രകടമാക്കുന്നതായി കമ്പനി അധികൃതർ വ്യക്തമാക്കുന്നു. നേരത്തെ യു.എസിലും ബെൽജിയത്തിലും നടന്ന ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിൽ നിന്നു തന്നെ ഒറ്റ ഡോസിൽ തന്നെ വാക്സിൻ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. വാക്സിൻ സുരക്ഷിതമാണെന്ന് വിഗദ്ധർ വിലയിരുത്തിയ ശേഷമാണ് മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

യു.എസിന് പുറമേ അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ, മെക്സിക്കോ, പെറു, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും പരീക്ഷണം നടക്കും. വാക്സിന്റെ രണ്ട് ഡോസുകൾ മനുഷ്യരിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് മനസിലാക്കാൻ യു.കെ സർക്കാരുമായി സഹകരിച്ച് പ്രത്യേക മൂന്നാം ഘട്ട ട്രയലിനും പദ്ധതിയുണ്ട്.

നേരത്തെ എബോള, സിക വാക്സിനുകൾക്ക് ജോൺസൺ ആൻഡ് ജോൺസൺ ഉപയോഗിച്ച ഹ്യൂമൻ അഡിനോവൈറസ് ടെക്നോളജിയാണ് കൊവിഡ് വാക്സിൻ വികസിപ്പിക്കാനും ഉപയോഗിച്ചിരിക്കുന്നത്. ജോൺസൺ ആൻഡ് ജോൺസൺ വാക്സിന്റെ മൂന്നാം ഘട്ടം വിജയിച്ചാൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ നൽകിയേക്കും. ഒരു വർഷത്തിനുള്ളിൽ വാക്സിന്റെ 100 കോടുകൾ ഉത്പാദിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ജോൺസൺ ആൻഡ് ജോൺസൺന്റെ വാക്സിൻ വൻ വിജയമായാൽ ഒരാൾക്ക് ഒറ്റ ഡോസ് മതിയാകുമെന്നത് ഉത്പാദനവും വിതരണവും വേഗത്തിലാക്കാനും സഹായിക്കും.