pic

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം.അഭിജിത്ത് ആൾമാറാട്ടം നടത്തി കൊവിഡ് പരിശോധന നടത്തിയതായി പരാതി. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായരാണ് അഭിജിത്തിനെതിരെ പൊലീസിൽ പരാതി നൽകിയത്. ആൾമാറാട്ടം നടത്തി അഭിജിത്ത് കൊവിഡ് പരിശോധന നടത്തിയെന്നും ഫലം പോസിറ്റീവാണെന്ന് തെളിഞ്ഞതായും പരാതിയിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിക്കാനാണ് അഭിജിത്ത് ശ്രമിച്ചതെന്നും ഇത്തരക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.

ആൾമാറാട്ടം നടത്തി കെ.എസ്.യു പ്രസിഡന്റ് കൊവിഡ് ടെസ്റ്റ് നടത്തിയെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ഡി.വെെ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ അറിവോടെ നടന്ന നിയമ വിരുദ്ധ പ്രവർത്തനമാണിതെന്നും സംസ്ഥാനത്ത് കൊവിഡ് പരത്തുന്നതിനുളള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി രോഗം പടർത്താൻ ബോധപൂർവ്വം ശ്രമിക്കുന്ന കെ.എം. അഭിജിത്തിനെതിരെ കേസെടുക്കാണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു.

അതേസമയം ആരോപണങ്ങൾ നിഷേധിച്ച കെ.എം.അഭിജിത്ത് താൻ ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും ആശുപത്രി അധിക‌ൃതരുടെ ഭാഗത്ത് നിന്നുവന്ന വീഴ്ചയാകും പേര് മാറാൻ കാരണമെന്നും പറഞ്ഞു. തനിക്ക് കൊവിഡ് പോസിറ്റീവാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും അഭിജിത്ത് പറഞ്ഞു. പരാതിക്ക് പിന്നിൽ പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്റിനു രാഷ്ട്രീയതാൽപര്യമുണ്ടാകുമെന്നും അഭിജിത്ത് ആരോപിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഭിജിത്ത് ഇക്കാര്യം അറിയിച്ചത്.

പ്രിയപ്പെട്ടവരെ, ചില സഹപ്രവർത്തകർക്ക് കോവിഡ് പോസിറ്റീവായതിനാൽ കഴിഞ്ഞ ആറ് ദിവസമായി സെൽഫ് ക്വോറൻ്റയിനിലാണ്. പോത്തൻകോട്...

Posted by KM Abhijith on Wednesday, 23 September 2020