തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുളള ദിവസങ്ങളിൽ കൊവിഡ് മരണനിരക്ക് ഉയർന്നേക്കുമെന്ന് സൂചന നൽകി ആരോഗ്യ വിദഗ്ദ്ധർ. രോഗബാധിതരിൽ എല്ലാ പ്രായ പരിധിയിൽ പെട്ടവർക്കും മരണം സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. അൺലോക്കിന്റെ ഘട്ടത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ വരുന്ന ഇളവിനെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് അധികൃതർ നോക്കികാണുന്നത്.
രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന മുന്നറിയിപ്പുള്ളതിനാൽ വരും ആഴ്ചകൾ നിർണായകമാണെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം വരെയുളള ഔദ്യോഗിക കണക്ക് അനുസരിച്ച് 592 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരിൽ 70 ശതമാനവും അറുപത് വയസിന് മുകളിലുള്ളവരാണ്. മരിച്ചവരിൽ 22 ശതമാനം യുവാക്കളും 25 ശതമാനം മദ്ധ്യവയസ്കരുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഒരു വയസിനും 17 വയസിനുമിടയിലുള്ള മൂന്ന് പേരും 18 വയസിനും 40നും ഇടയിലുള്ള 26 പേരും 41നും 59നും ഇടയിലുള്ള 138 പേരും കൊവിഡ് ബാധിച്ച് മരിച്ചു.
60വയസിന് മുകളിലുളള 405 പേരാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ചവരിൽ 72.73 ശതമാനം പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഉറവിടമറിയാതെ രോഗബാധിതരായ 23 ശതമാനം പേരാണ് സംസ്ഥാനത്ത് മരിച്ചത്.