കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗിന്റെ മദ്ധ്യസ്ഥ നീക്കങ്ങൾ പാളുന്നു. പ്രശ്‌ന പരിഹാരത്തിന് ലീഗ് നേതൃത്വം തന്നെ ഇടപെട്ടെങ്കിലും മദ്ധ്യസ്ഥ ശ്രമങ്ങളിൽ പുരോഗതിയില്ല. മുസ്ലീം ലീഗ് നേതൃത്വത്തിന് ജൂവലറിയുടെ ആസ്തിയും ബാദ്ധ്യതയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ ആസ്തികളുടെ കണക്കെടുപ്പ് എങ്ങുമെത്തിയില്ല. ഈമാസം മുപ്പതിനകം ആസ്തിയുടെയും ബാദ്ധ്യതയുടെയും കണക്ക് ലീഗ് സംസ്ഥാന നേതൃത്വത്തിന് കൈമാറണം.
ബാദ്ധ്യതയുടെ കണക്കെടുപ്പ് പൂർത്തിയായെങ്കിലും നിക്ഷേപകർക്ക് തുക എവിടെനിന്ന് നൽകുമെന്ന കാര്യത്തിൽ തീരുമാനമായില്ല. അതിനിടയിലാണ് മദ്ധ്യസ്ഥനായ ലീഗ് ജില്ലാ ട്രഷറർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിക്ഷേപ തട്ടിപ്പിന് പുറമെ ജി.എസ്.ടി. വെട്ടിപ്പും കണ്ടെത്തിയതോടെ ഫാഷൻ ഗോൾഡിന്റെ ആസ്തികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് കടക്കാം. പിഴയും പലിശയും ഉൾപ്പടെ ഒരു കോടി 41 ലക്ഷം രൂപയാണ് ജി.എസ്.ടി അടയ്‌ക്കേണ്ടത്.
അതിനിടെ, ജൂവലറി പൂട്ടുമെന്ന് ഉറപ്പായിട്ടും നിക്ഷേപം സ്വീകരിച്ചതായും ആസ്തികൾ വ്യാപകമായി വിറ്റഴിച്ചതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. തകരുമെന്ന് ഉറപ്പായതോടെ പയ്യന്നൂരും കാസർകോടുമുളള ഫാഷൻ ഗോൾഡിന്റെ ആസ്തികൾ എം.സി കമറുദീനും ടി.കെ പൂക്കോയ തങ്ങളും വ്യാപകമായി വിൽപ്പന നടത്തിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ജൂവലറി പൂട്ടിയ ഉടൻ കാസർകോട് കെട്ടിടവും സ്ഥലവും വിൽപ്പന നടത്തി.