തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേക്ക് നീങ്ങുന്നതിൽ പ്രതിഷേധിച്ച് ജോസഫ് എം. പുതുശേരിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം പാർട്ടി വിട്ടു. പി.ജെ ജോസഫ് പക്ഷത്തോടൊപ്പം ചേരാനാണ് ഇവരുടെ തീരുമാനം. പാർട്ടി യു.ഡി.എഫ്. വിട്ടപ്പോൾ ഒപ്പം നിന്നെങ്കിലും ഇടതുപക്ഷത്തേക്ക് പോകുന്നതിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.
ഇടതുപക്ഷത്തേക്ക് പോകാൻ താത്പര്യമില്ലാത്തവരെ ജോസ് വിഭാഗത്തിൽനിന്ന് അടർത്താൻ കോൺഗ്രസ് തന്നെ മുൻകയ്യെടുത്താണ് തീരുമാനമെടുത്തത്. ജോസ് വിഭാഗം വിട്ട് യു.ഡി.എഫിൽ നിൽക്കുന്നവർക്ക് സംരക്ഷണം നൽകുമെന്ന് മുന്നണിനേതൃത്വം ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, വരുന്നവർ പുതിയ കേരള കോൺഗ്രസാവാതെ ജോസഫ് ഗ്രൂപ്പിനൊപ്പം ചേരട്ടേയെന്ന നിലപാടിലാണ് കോൺഗ്രസ്.
കെ.എം മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് യു.ഡി.എഫ് വിട്ടപ്പോഴും മുറുമുറുപ്പുകളുണ്ടായിരുന്നെങ്കിലും പാർട്ടി ഒറ്റയ്ക്കു നിൽക്കുകയായിരുന്നതിനാൽ കൂടുതൽ പൊട്ടിത്തെറിയുണ്ടായില്ല. 1991, 2001, 2006 വർഷങ്ങളിൽ കല്ലൂപ്പാറയിൽനിന്ന് നിയമസഭാംഗമായ പുതുശേരിക്ക് മണ്ഡലം ഇല്ലാതായതിനെത്തുടർന്ന് 2011ൽ സീറ്റ് ലഭിച്ചില്ല. 2016ൽ തിരുവല്ലയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവിൽ പാർട്ടി ഉന്നതാധികാരസമിതി അംഗമാണ്.
യു.ഡി.എഫ് വിട്ട ജോസ് വിഭാഗം ഇടതുപക്ഷവുമായി അടുക്കുകയാണ്. തദേശ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ മത്സരിക്കാൻ വേണമെന്ന പട്ടിക ഇവർ സി.പി.എം നേതൃത്വത്തിന് ജില്ലാടിസ്ഥാനത്തിൽ നൽകിയിരുന്നു. ഇടതുമുന്നണിയിൽ സമവായമാകുന്നതനുസരിച്ച് ജോസ് വിഭാഗവുമായി പരസ്യ ധാരണയിലേക്ക് വരാനാണ് സി.പി.എം ഉദേശിക്കുന്നത്.