കൊച്ചി: നയതന്ത്ര ബാഗേജ് വഴിയെത്തിയ മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിനെ കസ്‌റ്റംസ് ഇന്ന് ചോദ്യം ചെയ്‌ത്ക്കുമെന്ന് സൂചന. നേരത്തെ ഇതേ സംഭവവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എൻ.ഐ.എയും അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിന്റെ മറവിൽ ഏതെങ്കിലും തരത്തിലുള്ള കളളക്കടത്ത് നടന്നിട്ടുണ്ടോ എന്ന് അറിയുന്നതിനുവേണ്ടിയാണ് കസ്റ്റംസ് അന്വേഷണം നടത്തുന്നത്. സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങൾ കൊണ്ടുപോയത് എന്നതിനാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എൻ.ഐ.എ സി-ആപ്റ്റിന്റെ ആസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു.
ഖുറാൻ കൊണ്ടുപോയ വാഹനത്തിന്റെ ഉടമ, ഡ്രൈവർ തുടങ്ങിയവരെയും കസ്റ്റംസ് ചോദ്യം ചെയ്‌തിരുന്നു. 32 പാക്കറ്റുകളാണ് വാഹനത്തിൽ കൊണ്ടുപോയത്. വാഹനത്തിന്റെ ജി.പി.എസ് സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നില്ല എന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസും ജലീലിനെ ചോദ്യംചെയ്യുന്നതെന്നാണ് വിവരം.
ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യുകയാണെങ്കിൽ പ്രതിപക്ഷ പ്രതിഷേധം വീണ്ടും കടുക്കും. കസ്റ്റംസ് ചോദ്യം ചെയ്‌താലും മന്ത്രി രാജിവയ്‌ക്കേണ്ട ആവശ്യമില്ല എന്ന നിലപാടിലാണ് സി.പി.എം.