popular-finance

തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് കേസ് സി.ബി.ഐക്ക് കൈമാറി സംസ്ഥാന സർക്കാരിന്റെ ഉത്തരവിറങ്ങി. കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് ഇതു സംബന്ധിച്ച ഗസറ്റഡ് വിജ്ഞാപനം പുറത്തിറക്കിയത്.

കേസിലെ പ്രതികൾക്ക് വിദേശ ബന്ധമുണ്ടെന്നും പണം വിദേശത്തേക്ക് കടത്തിയെന്നും നിക്ഷേപകർ ആരോപിച്ചിരുന്നു. ഉടമകൾ നിക്ഷേപകരിൽ നിന്ന് ശേഖരിച്ച രണ്ടായിരം കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും ഇത് തിരിച്ചു പിടിക്കുന്നതിന് സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നായിരുന്നു നിക്ഷേപകരുടെ വാദം. ഇതിനു പിന്നാലെ കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പോപ്പുലർ ഉടമകൾ നിക്ഷേപം നടത്തിയതിനാൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നേരത്തെ തന്നെ സർക്കാരിനെ അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് കേസ് സി.ബി.ഐ.ക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്.

രണ്ടായിരം കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലർ ഫിനാൻസ് ഉടമകൾ നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിദേശരാജ്യങ്ങളിലടക്കം പ്രതികൾ നിക്ഷേപങ്ങൾ നടത്തിയതിനാൽ അന്വേഷിക്കാൻ പൊലീസിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കേസ് സി.ബി.ഐക്ക് വിടുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസിൽ സമാന്തര അന്വേഷണം ആരംഭിച്ചിരുന്നു.