luiz-suarez

ബാഴ്സലോണ : പരിശീലകനായി റൊണാൾഡ് കൂമാൻ എത്തിയശേഷം ഭാവിയറിയാതെ ഉഴലുകയായിരുന്ന ഉറുഗ്വേയൻ ഫോർവേഡ് സ്പാനിഷ് ക്ളബ് ബാഴ്സലോണയിൽ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡിലെത്തി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് 2-8ന് തോറ്റതോടെയാണ് ബാഴ്സലോണയിൽ സുവാരേസിന്റെ സീറ്റ് ഇളകിത്തുടങ്ങിയത്. 33കാരനായ താരത്തിന് ബാഴ്സയിൽ തുടരാനായിരുന്നു ആഗ്രഹമെങ്കിലും കൂമാനും ക്ളബ് മാനേജ്മെന്റും അതിനോട് താത്പര്യം കാട്ടിയില്ല.

ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാൻ ഉൾപ്പടെയുള്ള ക്ളബുകളുമായി ചർച്ചകൾ നടത്തിയ ശേഷമാണ് സ്പാനിഷ് ലീഗിലെതന്നെ പ്രമുഖന്മാരായ അത്‌ലറ്റിക്കോയിലേക്ക് സുവാരേസ് മാറുന്നത്. ആറു സീസണുകൾ ഒരേടീമിൽ കളിച്ച സുവാരേസും ലയണൽ മെസിയും ഇനി മുഖാമുഖം വരുന്നത് ആരാധകർക്ക് കാണാം. യുവന്റസിലേക്ക് കടം നൽകിയ അൽവാരോ മൊറാട്ടയ്ക്ക് പകരമാണ് സുവാരേസിനെ അത്‌ലറ്റിക്കോ സ്വന്തമാക്കിയിരിക്കുന്നത്.

കൂമാന്റെ ബാഴ്സലോണ ഉടച്ചുവാർക്കലിൽ സ്ഥാനം നഷ്ടമാകുന്ന ഒടുവിലത്തെയാളാണ് സുവാരേസ്. നേരത്തേ ഇവാൻ റാക്കിറ്റിച്ച് സെവിയ്യയിലേക്കും അർടുറോ വിദാൽ ഇന്റർ മിലാനിലേക്കും മാറിയിരുന്നു.

2014ലാണ് ഇംഗ്ളീഷ് ക്ളബ് ലിവർപൂളിൽ നിന്ന് സുവാരേസ് ബാഴ്സലോണയിലെത്തിയത്.

6 സീസണുകളിൽ ക്ളബിലുണ്ടായിരുന്ന സുവാരേസ് നാലുവീതം ലാ ലിഗ കിരീടങ്ങളിലും കിംഗ്സ് കപ്പിലും ഒരു ചാമ്പ്യൻസ് ലീഗ് കിരീടത്തിലും പങ്കാളിയായി.

198 ഗോളുകളുമായി ബാഴ്സലോണയുടെ ആൾടൈം ഗോൾ സ്കോറർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സുവാരേസ്.

16 ഗോളുകളാണ് കഴിഞ്ഞ സീസണിൽ കളിച്ച 22 ലാ ലിഗ മത്സരങ്ങളിൽ നിന്ന് നേടിയത്. ലാ ലിഗ സീസൺ ടോപ് സ്കോറേഴ്സിൽ നാലാം സ്ഥാനത്തായിരുന്നു.