ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തു വിട്ട കണക്കനുസരിച്ച് 86,508 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 57,32,518 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 1129 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 91,149 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 46,74,987 പേർ ഇതു വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതനുസരിച്ച് 81.55 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 9,66,382 പേരാണ് ഇപ്പോഴും കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി അറുപത് ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് കേന്ദ്ര സർക്കാർ പറയുന്നു.
മഹാരാഷ്ട്രയിൽ 21,029 പേർക്കാണ് കഴിഞ്ഞ ഒരു ദിവസം കൊണ്ട് കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയിൽ 7,228 പേർക്കും ഉത്തർപ്രദേശിൽ 5234 പേർക്കും രോഗം സ്ഥിരീകരിച്ചപ്പോൾ കർണാടകത്തിൽ 6997 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ ആദ്യമായി അയ്യായിരം കടന്നു.
അതിനിടെ പ്രാദേശിക ലോക്ക്ഡൗണുകൾ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഏർപ്പെടുത്തുന്ന ലോക്ക്ഡൗണും ഒഴിവാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.