arathi

ആലുവ: വെറും മൂന്ന് മാസം. ആരതി രഘുനാഥ് സ്വന്തമാക്കിയത് 350 ഓൺലൈൻ കോഴ്‌സ് സർട്ടിഫിക്കറ്റുകൾ. എല്ലാം ലോക പ്രശസ്ത യൂണിവേഴ്‌സിറ്റികളിൽ നിന്ന്. ലോക്ക് ഡൗണിൽ ആരംഭിച്ച പഠിത്തത്തിലൂടെ ആരതി നേടിയെടുത്തത് സർട്ടിഫിക്കറ്റുകൾ മാത്രമല്ല, ലോക റെക്കാർഡും കൂടിയാണ് ! യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന്റെ (യു.ആർ.എഫ്.) ഏഷ്യൻ വേൾഡ് റെക്കോഡാണ് ഈ ഇരുപത്തിരണ്ടുകാരിക്ക് സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് ആരതി രഘുനാഥ്. മാറമ്പിള്ളി എം.ഇ.എസ്. കോളേജിലെ എം.എസ്‌സി. ബയോ കെമിസ്ട്രി വിദ്യാർത്ഥിനിയാണ്. അടച്ചിടൽ കാലത്ത് വിദ്യാർത്ഥികൾക്ക് പഠനം തുടർന്നുകൊണ്ടു പോകുന്നതിനായി കോളേജ് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ കോഴ്‌സെറയുമായി സഹകരിച്ച് ഓൺലൈൻ കോഴ്‌സുകൾ പഠിക്കാൻ അവസരം ഒരുക്കിയിരുന്നു. ഈ സൗകര്യമാണ് ആരതി പ്രയോജനപ്പെടുത്തിയത്.

ലോക പ്രശസ്ത യൂണിവേഴ്‌സിറ്റികളായ ജോൺ ഹോക്കിൻസ് യൂണിവേഴ്‌സിറ്റി, ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഒഫ് ഡെന്മാർക്ക്, യൂണിവേഴ്‌സിറ്റി ഒഫ് വെർജിന, കൈസ്റ്റ്, സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഒഫ് ന്യൂയോർക്ക്, യൂണിവേഴ്‌സിറ്റി ഒഫ് കൊളറാഡോ, എസ്.യു.എൻ.വൈ , യൂണിവേഴ്‌സിറ്റി ഒഫ് കോപ്പൻഹാഗൻ, യൂണിവേഴ്‌സിറ്റി ഒഫ് റോച്ചസ്റ്റർ, എമോറി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് വെർജീനിയ, കോഴ്‌സിറ പ്രൊജക്ട് നെറ്റ്‌വർക്ക് എന്നിവയിൽ നിന്നാണ് ആരതി ഈ നേട്ടം കൈവരിച്ചത്. എളമക്കര മാളിയേക്കൽ മഠത്തിൽ എം.ആർ. രഘുനാഥിന്റെയും കലാദേവിയുടെയും മകളാണ് ആരതി. കോളേജിൽ വച്ച് നടന്ന ചടങ്ങിൽ മാനേജ്‌മെന്റ് ഭാരവാഹികളായ എം.എ. മുഹമ്മദ് , എ.എ. അബുൾ ഹസൻ ,വി.എ. പരീത് , ശ്രീ. ടി.എം. സക്കീർ ഹുസൈൻ, പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ ഡോ. മൻസൂർ അലി പി.പി., കോഴ്‌സെറ കോ-ഓർഡിനേറ്റർ ഹനീഫ കെ.ജി., ബയോസയൻസ് വിഭാഗം മേധാവി ഡോ.ഉമേഷ് ബി.ടി എന്നിവർ ആരതിയെ അനുമോദിച്ചു.