തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റ വൈദ്യുത ബസ് നിർമ്മാണ പദ്ധതി അവതാളത്തിലായി. സാദ്ധ്യതാപഠനത്തിൽ നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കിയതിന് പിന്നാലെ മുതൽ മുടക്കാനെത്തിയ സ്വിസ് കമ്പനിയായ ഹെസും പദ്ധതിയിൽ നിന്ന് പിന്മാറിയെന്നാണ് വിവരം. വിവാദങ്ങൾക്ക് നടുവിൽ പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വ്യവസായ വകുപ്പോ ഗതാഗതവകുപ്പോ ഇപ്പോൾ തയ്യറാകുന്നില്ല.
ഇതോടെ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച നിലയിലാണ്. രണ്ടുവർഷം മുമ്പ് എറണാകുളത്ത് നടന്ന എക്സ്പോയിലാണ് വൈദ്യുതി ബസ് നിർമ്മാണത്തിൽ താത്പര്യം പ്രകടിപ്പിച്ച് ഹെസ് എത്തിയത്. കേരള ഓട്ടോ മൊബൈൽസുമായി ചേർന്ന് നിർമ്മിക്കുന്ന മൂവായിരത്തോളം ബസുകൾ കെ.എസ്.ആർ.ടി.സിക്ക് നൽകാമെന്ന നിഗമനത്തിലാണ് പ്രാഥമിക ധാരണപത്രം ഒപ്പിട്ടത്. എന്നാൽ കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക സഹായം നൽകാൻ ധനവകുപ്പ് വിസമ്മതിച്ചതോടെ തുടക്കത്തിലെ പദ്ധതി പാളി. ഇതിന് പിന്നാലെയാണ് സാദ്ധ്യത പഠിക്കാൻ ഏൽപ്പിച്ച പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിക്കെതിരെ വിവാദങ്ങൾ ഉണ്ടാകുന്നത്.
എന്തുവന്നാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ ഈ ആവേശം ഗതാഗതവകുപ്പിനോ വ്യവസായ വകുപ്പിനോ ഇപ്പോഴില്ല. ഹെസുമായി ധാരണപത്രം ഒപ്പിട്ട കേരള ഓട്ടൊ മൊബൈൽസിനും വ്യവസായ വകുപ്പിനും പദ്ധതിയുമായി മുന്നോട്ടു പോകുന്നതിൽ താത്പര്യമില്ല. ഗതാഗതവകുപ്പിന്റ പദ്ധതിയാണിതെന്നും തങ്ങൾക്ക് നേരിട്ട് ബന്ധമില്ലെന്നുമാണ് വ്യവസായവകുപ്പ് സെക്രട്ടറിയുടെ വിശദീകരണം. അതേസമയം പദ്ധതിയിൽ വ്യവസായവകുപ്പിനെ സഹായിക്കുക മാത്രമേ തങ്ങൾ ചെയ്‌തിട്ടുളളൂവെന്നാണ് ഗതാഗതവകുപ്പ് ഇപ്പോൾ പറയുന്നത്.