joseph-m-puthussery

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) മുതിർന്ന നേതാവും കെ.എം.മാണിയുടെ വിശ്വസ്തനുമായിരുന്ന മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി ജോസഫ് പക്ഷത്തേക്ക്. ജോസ് കെ.മാണി വിഭാഗം ഇടതുപക്ഷത്തേക്ക് ചേക്കേറാനൊരുങ്ങുന്നതിലുള്ള അതൃപ്തിയാണ് കേരള കോൺഗ്രസ്-എമ്മിന്റെ ഉന്നതാധികാര സമിതി അംഗം കൂടിയായ പുതുശേരിയെ ഇത്തരമൊരു നിലപാടിന് പ്രേരിപ്പിച്ചത്. യു.ഡി.എഫിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് കോൺഗ്രസുമായും ജോസഫ് ഗ്രൂപ്പ് നേതാക്കളുമായി പുതുശേരി പ്രാഥമിക ചർച്ചകൾ നടത്തി. കെ.എം. മാണിയുടെ മരണത്തെ തുടർന്ന് പാർട്ടിയിൽ പിളർപ്പുണ്ടായ വേളയിലടക്കം ജോസ് കെ.മാണിക്കൊപ്പം ഉറച്ചുനിന്നിരുന്നു ജോസഫ് എം.പുതുശേരി. ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിക്കൊപ്പം ചേക്കേറാനുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ പുതുശേരി പാർട്ടിയിൽ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ, ജോസ് കെ.മാണിയും കൂട്ടരും ഇത് മുഖവിലയ്ക്കെടുത്തില്ല. കഴിഞ്ഞ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും അദ്ദേഹം എതിർപ്പറിയിച്ചു.

ഉപാധികളില്ലാതെയെന്ന് ജോസഫ് ഗ്രൂപ്പ്

ജോസഫ് എം.പുതുശേരി എത്തുന്നത് യാതൊരു ഉപാധികളും ഇല്ലാതെയാണെന്നാണ് ജോസഫ് ഗ്രൂപ്പ് നേതാക്കൾ നൽകുന്ന സൂചന. തദ്ദേശ സ്ഥാപനങ്ങളിലെ ചില അംഗങ്ങളും പുതുശേരിക്കൊപ്പം യു.ഡി.എഫിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്. മൂന്ന് തവണ തിരുവല്ലയെ പ്രതിനിധീകരിച്ച് എം.എൽ.എ ആയിട്ടുള്ള പുതുശേരി കഴിഞ്ഞ തവണ തിരുവല്ലയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഉപാധികളൊന്നും മുന്നോട്ട് വച്ചിട്ടില്ലെന്ന് ജോസഫ് പക്ഷം പറയുന്നുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ സീറ്റ് ചോദിക്കുമെന്നാണ് സൂചന.

എൽ.ഡി.എഫിലേക്ക് പോകുന്നത് ആത്മഹത്യാപരം: പുതുശേരി
ഇടതുമുന്നണിയിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നും താൻ ഇത്രയും കാലം ഉയർത്തിപ്പിടിച്ച പൊതുരാഷ്ട്രീയ നിലപാടിനെ പെട്ടെന്നൊരു ദിവസം തള്ളിപ്പറയാൻ സാധിക്കില്ലെന്നും ജോസഫ് എം.പുതുശേരി പറഞ്ഞു. ജോസഫ് പക്ഷത്ത് ചേരുന്നത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഏത് പാർട്ടിയിലേയ്‌ക്കെന്ന് തീരുമാനിച്ചിട്ടില്ലെന്നും ജോസഫ് എം.പുതിശേരി പറഞ്ഞു. കൂടുതൽ പേർ പാർട്ടി വിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫിനോട് യോജിപ്പില്ല. പൊതുജീവിതത്തിലുടനീളം യു.ഡി.എഫ് നിലപാടിനൊപ്പം നിന്ന വ്യക്തിയാണ്. തുടർന്നും അതിനോടൊപ്പം ചേർന്ന് നിൽക്കാൻ തന്നെയാണ് താത്പര്യമെന്നും പുതുശേരി പറഞ്ഞു.