malala-

ആലപ്പുഴ: പരമ്പരാഗത ആചാരങ്ങൾ ഒഴിവാക്കി, ഫെയ്സ്ബുക്ക് ലൈവിലൂടെ അച്ഛൻ മകൾക്ക് പേരിട്ടു; മലാല വി.അസി. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റും മുൻ നഗരസഭാംഗവുമായ വി.ജി.വിഷ്ണുവാണ് ഇളയ മകളുടെ പേരിടൽ ചടങ്ങ് വ്യത്യസ്തമാക്കിയത്.

സുരക്ഷയ്ക്കും വിദ്യാഭ്യാസ സമത്വത്തിനും വേണ്ടി ധീരമായ പോരാട്ടം നടത്തിയ മലാല യൂസഫ് സായി എന്ന പാകിസ്ഥാനി പെൺകുട്ടിയോടുള്ള സ്നേഹവും ആദരവുമാണ് മകൾക്ക് അതേ പേരുനൽകാൻ കാരണമെന്ന് വിഷ്ണു പറഞ്ഞു. പെൺകുട്ടിയാണെങ്കിൽ മലാല എന്നു പേരിടാൻ നേരത്തെ മനസിൽ നിശ്ചയിച്ചിരുന്നു. അഫ്ഗാനി നാമമായ മലാല എന്ന പേരിന്, ബ്രിട്ടീഷ് പടയാളികളോട് പോരാടിയ നാടോടി ഹീറോ മലാലായി എന്ന അഫ്ഗാനി പെൺകുട്ടിയുടെ ചരിത്രവുമുണ്ട്. ശക്തമായത് എന്നാണ് അസ എന്ന വാക്കിനർത്ഥം.

പെൺകുട്ടികൾ നിരവധി ചൂഷണങ്ങൾക്കിരയാകുന്ന കാലത്ത് മലാല വി.അസ എന്ന പേരിലൂടെ എല്ലാ പെൺമക്കൾക്കും ധൈര്യവും പിന്തുണയും നൽകാനാണ് ശ്രമമെന്ന് വിഷ്ണുവും ഭാര്യ നിഷയും പറയുന്നു. ദിയ, വൈഗ എന്നീ രണ്ട് ചേച്ചിമാർ കൂടിയുണ്ട് മലാലയ്ക്ക്.