ന്യൂഡൽഹി: പ്രാദേശിക ലോക്ക്ഡൗൺ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം പല സംസ്ഥാനങ്ങളിലും ഏർപ്പെടുത്തുന്ന ഹ്രസ്വ ലോക്ക്ഡൗണും ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നത് കൊണ്ടാണ് ലോക്ക്‌ഡൗണുകൾ ഒഴിവാക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയത്. കൊവിഡ് വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് വീഡിയോ കോൺഫറൻസ് വഴി സംസാരിക്കവെയാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളെ ഇക്കാര്യം അറിയിച്ചത്.
ഫലപ്രദമായ പരിശോധന, ചികിത്സ, നിരീക്ഷണം, വ്യക്തമായ സന്ദേശങ്ങൾ നൽകൽ എന്നിവയിൽ നമ്മൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ജില്ലാ ബ്ലോക്ക് തലങ്ങളിലെ ഉദ്യോഗസ്ഥരുമായി ദിവസവും വെർച്വൽ യോഗങ്ങൾ നടത്താൻ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. നമുക്ക് എഴുന്നൂറിലധികം ജില്ലകളുണ്ട്. എന്നാൽ ആശങ്കപ്പെടുത്തുന്ന സ്ഥിതിവിവരണ കണക്കുകൾ വെറും 60 ജില്ലകളിലായി ഏഴ് സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ ഇത് പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണെങ്കിലും നമ്മളിപ്പോൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ശ്രദ്ധകാണിക്കേണ്ടതുണ്ട്. അവിടുത്തെ വ്യാപനം നിയന്ത്രണവിധേയമാണെന്ന് ഉറപ്പാക്കണം. ഒന്നോ രണ്ടോ ദിവസത്തേക്ക് അടിച്ചേൽപ്പിക്കുന്ന ലോക്ക്ഡൗൺ എത്രത്തോളം ഫലപ്രദമാണെന്ന് സംസ്ഥാനങ്ങൾ വിലയിരുത്തേണ്ടതുണ്ട്. ഈ ലോക്ക്ഡൗൺ കാരണം സാമ്പത്തിക പ്രവർത്തനങ്ങളിൽ പ്രശ്‌നങ്ങൾ നേരിടരുത്. ഈ വിഷയം സംസ്ഥാനങ്ങൾ ഗൗരവപരമായി കാണണമെന്നാണ് തന്റെ നിർദേശമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത്. രാജ്യത്തെ ആകെയുള്ള കൊവിഡ് കേസുകളിൽ 63 ശതമാനത്തിന് മുകളിലും ഈ സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.