sivasankar

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നു. കൊച്ചി എൻ.ഐ.എ ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഫോണിൽ നിന്നും ചാ‌റ്റ് വിവരങ്ങൾ മായ്‌ച്ചു കളഞ്ഞിരുന്നു. ഈ ചാ‌റ്റിലെ വിവരങ്ങൾ എൻ.ഐ.എ സംഘം തിരികെയെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെയും സ്വപ്‌നയെയും ഒരുമിച്ചിരുത്തിയാകും ചോദ്യം ചെയ്യുക. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന കാര്യം ഇന്ന് വ്യക്തമായേക്കും.

രാവിലെ 11 മണിക്ക് ഹാജരായ ശിവശങ്കരനെ എസ്.പി അടക്കമുള‌ള ഉദ്യോഗസ്ഥരാണ് നിലവിൽ ചോദ്യം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും ചോദ്യം ചെയ്‌ത ശേഷം ലഭിച്ച വിവരങ്ങളും പിന്നീട് എൻ.ഐ.എ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളും ശിവശങ്കരനെ ആദ്യം ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. ആദ്യം ചോദ്യം ചെയ്‌തപ്പോൾ സ്വപ്‌ന‌യ്ക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നാണ് ശിവശങ്കർ മൊഴി നൽകിയിരുന്നത്.

രണ്ട് ടിബിയോളം ഡാ‌റ്റയാണ് സ്വപ്‌നയിൽ നിന്നും എൻ.ഐ.എ സംഘം പിടിച്ചെടുത്തത്. ഇവ വിശദമായി പരിശോധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാൻ എൻ.ഐ.എ കസ്‌റ്റഡിയിൽ എടുത്തത്. തുടർന്നാണ് ഇന്ന് ശിവശങ്കരനെ സ്വ‌പ്‌നയ്‌ക്കൊപ്പം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.