sanju-samson

കഴിഞ്ഞ ദിവസം ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ഒന്നിനുപിന്നാലെ ഒന്നായി ഒൻപത് സിക്സുകൾ പായിക്കുമ്പോൾ വിക്കറ്റിന് പിന്നിൽ എല്ലാറ്റിനും സാക്ഷിയായി സാക്ഷാൽ മഹേന്ദ്രസിംഗ് ധോണി നിൽപ്പുണ്ടായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ധോണി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചുകഴിഞ്ഞു. ഒരു വർഷത്തിലേറെയായി ധോണി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. ഇക്കാലയളവിൽ നടന്ന ഏകദിന-ട്വന്റി20 പരമ്പരകളിൽ ധോണിയുടെ പകരക്കാരെ പരീക്ഷിക്കുകയായിരുന്നു സെലക്ടർമാർ. അക്കൂട്ടത്തിലൊരു പരീക്ഷണവസ്തുവായിരുന്നു സഞ്ജുവും.അഞ്ച് പരമ്പരകളിൽ ടീമിലുണ്ടായിരുന്നിട്ടും പക്ഷേ സഞ്ജുവിന് കിട്ടിയ നാല് കളികളിലെ അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർമാരായ സഞ്ജുവിനെയും റിഷഭ് പന്തിനെയും തള്ളി താത്കാലിക വിക്കറ്റ് കീപ്പറായ കെ.എൽ രാഹുലിൽ ധോണിയുടെ പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ സെലക്ടർമാർ.

ഇതാണ് ചാൻസ്

കെ.എൽ രാഹുൽ വിക്കറ്റ് കീപ്പർ എന്ന നിലയിൽ അത്ര പ്രഗത്ഭനല്ലാത്തതിനാലും വർക്ക്ലോഡ് ഏറുമെന്നതിനാലും സ്ഥിരമായി അദ്ദേഹത്തെ സ്റ്റംപിന് പിന്നിൽ നിറുത്താൻ സെലക്ടർമാർ തയ്യാറായേക്കില്ല.ഒരു രണ്ടാം വിക്കറ്റ് കീപ്പറായെങ്കിലും മറ്റൊരാളെ ടീമിലേക്ക് എടുക്കേണ്ടിവരും. ആ സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിനുള്ള ഏറ്റവും നല്ല ചാൻസാണ് ഈ ഐ.പി.എൽ.

ധോണിയുടെ പകരക്കാരനെയാണ് കണ്ടുപിടിക്കേണ്ടത് എന്നതിനാൽ വെറുമൊരു കീപ്പറിൽ ഒതുങ്ങാനാവില്ല സെലക്ടർമാർക്ക്. നന്നായി ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു വിക്കറ്റ് കീപ്പറെയാണ് അവർക്കാവശ്യം. അതുകൊണ്ടുതന്നെയാണ് സഞ്ജുവിനെ മറികടന്ന് ആദ്യ അവസരം റിഷഭ് പന്തിന് നൽകിയത്.

മികച്ച തയ്യാറെടുപ്പ്

ഇന്ത്യൻ ടീമിൽ ലഭിച്ച അവസരങ്ങൾ കൈയിൽ നിന്ന് വഴുതിപ്പോയതുമുതൽ മടങ്ങിയെത്താൻ കഠിനമായ പരിശ്രമത്തിലാണ് സഞ്ജു. ഫിറ്റ്നസ് നിലനിറുത്തുകയായിരുന്നു പ്രധാന വെല്ലുവിളി. ജിംനേഷ്യത്തിൽ കൂടുതൽ സമയം ചെലവിട്ട സഞ്ജുവിനൊപ്പം മുൻ കേരള താരം റെയ്ഫി വിൻസന്റ് ഗോമസും കോച്ച് ബിജു ജോർജും മുൻ രഞ്ജി താരം ഇഖ്ലാസ് നഹയും ചേർന്നതോടെ ഫിറ്റ്നസ് ലെവൽ ഉയർന്നു. ലോക്ഡൗൺ സമയത്തുപോലും സഞ്ജു വീട്ടിനുള്ളിൽ വ്യായാമം മുടക്കിയിരുന്നില്ല. താത്കാലിക നെറ്റ്സ് കെട്ടി ബാറ്റിംഗ് പരിശീലനവും നടത്തി.

ആ പരിശ്രമത്തിന്റെ ഫലം ചെന്നൈക്കെതിരായ ഇന്നിംഗ്സിൽ കാണാനുമുണ്ടായിരുന്നു. തുടർച്ചയായി സിക്സുകൾ പറത്തിയ സഞ്ജുവിന്റെ എനർജി ലെവൽ ക്രിക്കറ്റ് വിദഗ്ധർ ചർച്ചചെയ്തു. ഇനിയുള്ള മത്സരങ്ങളിലും സഞ്ജുവിന് ഈ മികവ് പുലർത്താനായാൽ അടുത്ത വർഷത്തെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം ഉറപ്പാക്കാം.

കീപ്പിംഗ് ബെസ്റ്റ്

ബാറ്റിംഗിൽ മികവ് കാട്ടുന്നതിനൊപ്പം വിക്കറ്റ് കീപ്പിംഗിലെ ജന്മസിദ്ധമായ പ്രതിഭയും സഞ്ജുവിന് തുണയാകും.ചെന്നൈക്കെതിരായ മത്സരത്തിൽ നാലു പുറത്താക്കലുകളിലാണ് സഞ്ജു പങ്കാളിയായിരുന്നത്; രണ്ട് ക്യാച്ചുകളിലും രണ്ട് സ്റ്റംപിംഗുകളിലും. സഞ്ജുവിന്റെ ഐ.പി.എല്ലിലെ മികച്ച പ്രകടനമാണിത്. സ്റ്റംപിംഗുകളിലെ കൈവേഗവും കേദാർ യാദവിനെപുറത്താക്കാനെടുത്ത ഡൈവിംഗ് ക്യാച്ചും അത്യുജ്ജ്വലമായിരുന്നു.

വെല്ലുവിളികൾ

ഐ.പി.എൽ പുതിയ സീസൺ തുടങ്ങിയിട്ടേയുള്ളൂ.പുതിയ പ്രതിഭകളുടെ വിസ്മയം വിരിയാനിരിക്കുന്നതേയുള്ളൂ. ഈ സീസണിൽ സ്ഥിരത കാട്ടുക എന്നതാണ് സഞ്ജുവിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. റിഷഭ് പന്തിനും ഇതേ വെല്ലുവിളിനേരിടേണ്ടതുണ്ട്. ഈ കടമ്പ ആരാണ് മികച്ച രീതിയിൽ ക‌ടക്കുക എന്നതിനെ ആശ്രയിച്ചാകും സെലക്ടർമാരുടെ തീരുമാനം.

2014ൽ ഇംഗ്ളണ്ട് പര്യടനത്തിലെ അഞ്ച് ഏകദിനങ്ങളുടെയും ഒരി ട്വന്റി-20യുടെയും പരമ്പരയിലേക്കാണ് സഞ്ജുവിനെ ആദ്യമായി ഇന്ത്യൻ ടീമിലേക്ക് വിളിക്കുന്നത്.

2015ലെ സിംബാബ്‌വെ പര്യടനത്തിലെ രണ്ടാം ട്വന്റി-20 മത്സരത്തിൽ 24 പന്തുകളിൽ 19 റൺസുമായി അരങ്ങേറ്റം.

പിന്നെ ഇന്ത്യൻ ടീമിലേക്ക് വിളി വരുന്നത് 2019ലെ ബംഗ്ളാദേശിനെതിരായ ട്വന്റി-20 പരമ്പരയിലേക്ക്. ഒറ്റ മത്സരത്തിലും കളിപ്പിച്ചില്ല.

പിന്നാലെ വിൻഡീസിനെതിരായ പരമ്പരയിൽ ശിഖർ ധവാന് പകരക്കാരനായി വിളിപ്പിച്ചിട്ടും അവസരം നൽകിയില്ല.

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ അവസരം നൽകി. ആദ്യ പന്തിൽ സിക്സടിച്ചു.രണ്ടാം പന്തിൽ ഔട്ടായി.

ന്യൂസിലൻഡ് പര്യടനത്തിൽ രണ്ട് ട്വന്റി-20 കളിൽ അവസരം നൽകി.8,2 എന്നിങ്ങനെ സ്കോറുകൾ.