ന്യൂയോർക്ക്: വൻകിട മരുന്ന് നിർമ്മാതാക്കളായ ജോൺസൺ ആന്റ് ജോൺസൺ നിർമ്മിക്കുന്ന ഒറ്റ ഡോസ് കൊവിഡ് വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണം അമേരിക്കയിൽ ആരംഭിച്ചു. 60,000 പേരിലാണ് വാക്‌സിൻ പരീക്ഷിക്കുക. വൈകാതെ തന്നെ ഇവ ഫലപ്രദമാണോ എന്ന് അറിയാനാകും.വർഷാവസാനത്തോടെ വാക്‌സിന്റെ ഫലപ്രാപ്‌തിയെ കുറിച്ച് മതിയായ രേഖകൾ ലഭിക്കുമെന്നും അടുത്ത വർഷത്തോടെ ഒരു ലക്ഷം കോടി വാക്‌സിനുകൾ ഉൽപാദിപ്പിക്കാനാകുമെന്ന് കമ്പനിയുടെ ചീഫ് സയന്റിഫിക് ഓഫീസർ പൗൾ സ്‌റ്റൊഫെൽസ് അഭിപ്രായപ്പെട്ടു.
ഇതോടെ അമേരിക്കയിൽ അവസാനഘട്ട പരീക്ഷണത്തിലെത്തിയിരിക്കുന്ന നാലാമത് വാക്‌സിനാണ് ജോൺസൺ ആന്റ് ജോൺസന്റേത്.മറ്റ് മൂന്ന് വാക്‌സിനുകൾ പരീക്ഷിക്കുന്നുണ്ടെങ്കിലും ജോൺസൺ ആന്റ് ജോൺസന്റെ ജാൻസെൻ ഫാർമസ്യൂട്ടിക്കൽ കമ്പനി തയ്യാറാക്കുന്ന ഈ വാക്‌സിൻ വിജയിച്ചാൽ അവയുടെ വിപണനവും വിതരണവും എളുപ്പമാകും. ഫ്രിഡ്‌ജിലെ അന്തരീക്ഷത്തിൽ സൂക്ഷിക്കാൻ കഴിയുന്നതാണ് ഈ വാക്‌സിൻ.എന്നാൽ ആദ്യ രണ്ട് സ്ഥാനത്തുളളവയ്‌ക്ക് വളരെയധികം തണുപ്പുളള അന്തരീക്ഷത്തിൽ തന്നെ പ്രത്യേകം സൂക്ഷിക്കേണ്ടവയാണ്. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന വാക്‌സിൻ ആണ് ജോൺസൺ ആന്റ് ജോൺസന്റെത്. മറ്റ് വാക്‌സിനുകൾ മൂന്ന് നാല് ആഴ്‌ചകൾക്കകം വീണ്ടും പരീക്ഷണത്തിനായി കുത്തിവയ്‌ക്കേണ്ടതുണ്ട്. ഈ വാക്‌സിൻ ഫലപ്രദവും സുരക്ഷിതവുമാണെങ്കിൽ രോഗനിയന്ത്രണത്തിൽ ലോകമാകെ ഉപകാരപ്പെടുമെന്ന് വിദഗ്ധർ പറയുന്നു.
നിലവിൽ 1.5 ബില്യൺ ഡോളറാണ് അമേരിക്ക ഈ വാക്‌സിൻ പരീക്ഷണത്തിനായി നിക്ഷേപിച്ചിരിക്കുന്നത്. അമേരിക്ക തന്നെ നൂറ് മില്യൺ ഡോസുകൾ വാങ്ങും. അപകടകാരിയല്ലാത്ത ഒരു വൈറസിനെ നോവൽ കൊറോണ വൈറസിന്റെ ജീനിൽ ഉൾപ്പെടുത്തിയാണ് പുത്തൻ വാക്‌സിൻ തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരണമടഞ്ഞത്.
അമേരിക്കയിൽ ഏറ്റവുമധികം ആളുകളെ ഉൾപ്പെടുത്തി നടത്തുന്ന കൊവിഡ് പരീക്ഷണമാകും ജോൺസൺ ആന്റ് ജോൺസന്റേത്.