
കൊച്ചി: അപ്രതീക്ഷിതമായി തകർത്ത് പെയ്‌ത മൺസൂണിൽ കണ്ണീരണിഞ്ഞ് കറുത്ത പൊന്ന്. കാലംതെറ്റി മഴ കനത്തതോടെ, വിളനാശ ഭീഷണിയിലാണ് കർഷകർ. വിപണിയിൽ കുരുമുളക് നല്ല ഡിമാൻഡുണ്ട്. വരവ് കുറഞ്ഞതോടെ വിലയും ഉയർന്നു.
എന്നാൽ, വിളനാശമുണ്ടായാൽ മികച്ച വിലയുടെ നേട്ടം കൊയ്യാൻ കർഷകന് കഴിയില്ല. കഴിഞ്ഞദിവസങ്ങളിൽ 12 ടൺ കുരുമുളകാണ് കൊച്ചിയിൽ എത്തിയത്. അതേസമയം, ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾക്ക് വരും ദിവസങ്ങളിലും ഡിമാൻഡ് കൂടുമെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ പ്രമുഖ സുഗന്ധവ്യഞ്ജന, കറിപൗഡർ കമ്പനിയായ ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സിനെ ഏറ്റെടുക്കാൻ നോർവേ കമ്പനിയായ ഓർക്‌ല തീരുമാനിച്ചതിന് പിന്നിലെ കാരണവും വേറെയല്ല. അന്താരാഷ്‌ട്ര വിപണിയിലും കുരുമുളക് വില ഉയരുകയാണ്. ഇൻഡോനേഷ്യയിലും ബ്രസീലിലും ഇതു വിളവെടുപ്പ് കാലമാണ്.
വിപണിയിൽ വൻതോതിൽ നിലവാരമില്ലാത്തതും വില കുറഞ്ഞതുമായ വിയറ്റ്‌നാം കുരുമുളകും എത്തുന്നുണ്ട്. മറ്റിനങ്ങളെ അപേക്ഷിച്ച് വില കൂടുതലാണെന്നതും ഉത്‌പാദനം കുറവാണെന്നതുമാണ് ഇന്ത്യയുടെ കറുത്തപൊന്നിന് തിരിച്ചടി.