കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജപേരില്‍ കൊവിഡ് പരിശോധന നടത്തിയെന്ന ആരോപണം ശക്തമാകുന്നു. യുവ നേതാവിന്റെ പരിശോധന ഫലം പോസിറ്റാവായതോടെ നിരവധി പേരാണ് ആള്‍മാറാട്ടത്തിനെതിരെ വിമർശനവുമായി രംഗത്ത് വന്നിട്ടുള്ളത്. അഭിജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലന്‍നായര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ സംഭവത്തില്‍ ഫേസ്ബുക്കില്‍ പ്രതികരിച്ച് എഴുത്തുകാരിയായ ശാരദക്കുട്ടി രൂക്ഷമായ ഭാഷയിലാണ് അഭിജിത്തിനെ വിമര്‍ശിച്ചിട്ടുള്ളത്.
മന:പൂര്‍വം രോഗവ്യാപനം നടത്തുന്നതിലെ രാഷ്ട്രീയലക്ഷ്യം എത്ര അധമവും നീചവും നിന്ദ്യവുമാണെന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ ശാരദക്കുട്ടി വിമർശിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടിയുടെ യുവ നേതാവ് 3000 ത്തോളം പേരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നു എന്ന വാര്‍ത്ത വല്ലാതെ ഭയപ്പെടുത്തുന്നതായും അവര്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വ്യാജ പേരില്‍ കോവിഡ് ടെസ്റ്റ് നടത്തുക പോസിറ്റീവാണെന്നു മറച്ചുവെക്കുക. തോളില്‍ കയ്യിട്ടും കെട്ടിപ്പിടിച്ചും ആള്‍ക്കൂട്ട സമരങ്ങളില്‍ ഇളകിയാട്ടം നടത്തുക. പ്രതിപക്ഷ പാര്‍ട്ടിയുടെ യുവ നേതാവ് 3000 ത്തോളം പേരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നു എന്ന ഈ വാര്‍ത്ത വല്ലാതെ ഭയപ്പെടുത്തുന്നു. അടുത്ത അധികാര ഊഴം സ്വപ്നം കണ്ടിരിക്കുന്ന പാര്‍ട്ടിയുടെ യുവ നേതാവാണ് . ഭരണ സംവിധാനത്തിന്റെ ഭാഗമായ പ്രതിപക്ഷ പാര്‍ട്ടിയുടെ ഉത്തരവാദിത്തബോധത്തെ നമിക്കാതെ വയ്യ.
മന:പൂര്‍വ്വം രോഗവ്യാപനം നടത്തുന്നതിലെ രാഷ്ട്രീയലക്ഷ്യം എത്ര അധമവും നീചവും നിന്ദ്യവുമാണ്. എല്ലാ ആരോഗ്യ സംവിധാനങ്ങളേയും അട്ടിമറിക്കുന്ന ഈ മനോഭാവത്തെ ഭയക്കണം. ഭരണകക്ഷിയോടുള്ള എതിര്‍പ്പും വെറുപ്പും എതിര്‍ കക്ഷിക്കുണ്ടാകുന്നതു മനസ്സിലാക്കാം. അധികാരക്കൊതിയും മനസ്സിലാക്കാം .
പക്ഷേ നിങ്ങള്‍ ഇങ്ങനെ 'തൂറിത്തോല്‍പ്പിക്കു'ന്നത് മുഖ്യമന്ത്രിയെയോ ആരോഗ്യ മന്ത്രിയെയോ ഇടതുപക്ഷത്തെയോ അല്ല. കേരളത്തിലെ ജനതയെയാണ്. ഒരു രോഗത്തെ ഭയന്ന് മാസങ്ങളായി പൊതു ജീവിതവും തൊഴിലും വരുമാനവും വേണ്ടെന്നു വെച്ച് ഭയചകിതരായിരിക്കുന്ന ജന സമൂഹത്തെയാണ്. ഇത്ര ആത്മാഭിമാനവും അച്ചടക്കവും അന്തസ്സുമില്ലാത്ത രാഷ്ട്രീയ ശൈലി വിനാശകരമാണ്.
രാഷ്ട്രീയയുദ്ധത്തില്‍ ആശയങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചറിയാത്തവരുടെ കയ്യില്‍ കളിക്കാനുള്ള 'പാവ' ജീവിതങ്ങളായി നമ്മള്‍ മാറിപ്പോകുന്നതോര്‍ത്ത് ഒരു വോട്ടറെന്ന നിലയില്‍ ലജ്ജയും ആത്മനിന്ദയും തോന്നുന്നു. തല ഉയര്‍ത്താനാകാത്ത വിധം അപമാനിതയാകുന്നു. നിസ്സഹായതയുടെ പാരമ്യമെന്തെന്നു തിരിച്ചറിയുന്നു.