കാലിഫോര്‍ണിയ : ഒരാവശ്യത്തിനായി വീടിന്റെ മുന്‍വാതില്‍ തുറന്ന് പുറത്തിറങ്ങുമ്പോള്‍ നിങ്ങളെ എതിരേല്‍ക്കുന്നത് ഒരു സിംഹമാണെങ്കിലോ ? ഇനി ഒറ്റ നോട്ടത്തില്‍ അതിനെ ഒരു വലിയ നായയാണെന്ന് മനസില്‍ കരുതിയാല്‍ എന്താവും സംഭവിക്കുക. അത്തരം ഒരു അനുഭവം പങ്കുവയ്ക്കുകയാണ് കാലിഫോര്‍ണിയയില്‍ പസഫിക്കയില്‍ താമസിക്കുന്ന തിമോത്തി കെറിസ്‌ക് എന്നയാള്‍. തന്റെ അരുമയായ പൂച്ചയെ അന്വേഷിച്ച് വീടിന്റെ വാതില്‍ തുറന്ന ഇദ്ദേഹത്തിന് കാണാനായത് ഒരു ഭീമന്‍ മൗണ്ടയ്ന്‍ ലയണിനെയാണ്. ഒറ്റ നോട്ടത്തില്‍ പക്ഷേ മൃഗത്തെ ഒരു വലിയ നായയാണെന്നാണ് തിമോത്തി കരുതിയത്, അയല്‍വാസികളാരോ വളര്‍ത്തുന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ് തന്റെ പൂച്ചയെ ശല്യപ്പെടുത്താനെത്തിയെന്നാണ് വീട്ടുടമസ്ഥന്‍ വിശ്വസിച്ചത്.
എന്നാല്‍ പെട്ടെന്ന് തിമോത്തിക്ക് മുന്നിലുള്ളത് മൗണ്ടയ്ന്‍ ലയണാണെന്ന് മനസിലായി. തുടര്‍ന്ന് അദ്ദേഹം സിംഹത്തിന്റെ ചലനങ്ങള്‍ വീക്ഷിച്ചു. അടുത്ത വീട്ടില്‍ സൈക്കിളില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെയാണ് മൃഗം ലക്ഷ്യം വയ്ക്കുന്നതെന്ന് മനസിലായതോടെ ഉറക്കെ നിലവിളിച്ച് കുട്ടികളെ അറിയിക്കുവാനാണ് തിമോത്തി ആദ്യം ശ്രമിച്ചത്. ശബ്ദം കേട്ട് ഭയന്ന മൃഗവും തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനടിയിലേക്ക് പതുങ്ങുകയും അവിടെ നിന്നും ഓടി രക്ഷപ്പെടുകയുമായിരുന്നു. എന്നാല്‍ അയലത്തെ വീഡിയോ പരിശോധിച്ചപ്പോള്‍ സിംഹം ലക്ഷ്യമിട്ടത് തിമോത്തിയുടെ പൂച്ചയെയായിരുന്നു എന്നു മനസിലായി. അതിര്‍ത്തിയിലെ വള്ളിപ്പടര്‍പ്പിനിടയിലൂടെ സിംഹം പൂച്ചക്കുട്ടിയെ ഓടിക്കുന്നതും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. തിമോത്തിയുടെ വീട്ടിലെത്തിയ അതിഥിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.