akkitham

പാലക്കാട്: മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌ക്കാരം സമ്മാനിച്ചു. കൊവിഡ് സാഹചര്യത്തിൽ ശക്തമായ സുരക്ഷാസംവിധാനങ്ങളേ‍ാടെയാണ് രാജ്യത്തെ പരമേ‍ാന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം അക്കിത്തത്തിന് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തിൽ ലളിതമായ ചടങ്ങിലായിരുന്നു പുരസ്‌ക്കാര സമർപ്പണം. സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനാണ് പുരസ്‌ക്കാരം സമ്മാനിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഒ‍ാൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. നിരുപാധിക സ്നേഹമാണ് അക്കിത്തത്തിന്റെ കവിതകളുടെ അടിസ്ഥാനശിലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജ്ഞാനപീഠം പുരസ്‌കാര സമിതി ചെയർപേഴ്സൻ പ്രതിഭാറായി, സമിതി ഡയറക്ടർ മധുസൂദനൻ ആനന്ദ്, എം.ടി വാസുദേവൻ നായർ, ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവർ ഒ‍ാൺലൈനായി കവിക്ക് ആശംസ നേർന്നു.

പുരസ്കാരം സ്വീകരിച്ച് അക്കിത്തത്തിന്റെ മകൻ വാസുദേവൻ മറുപടി പ്രസംഗം വായിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, അക്കാദമിസെക്രട്ടറി ഡേ‍ാ. കെ.പി.മേ‍ാഹനൻ, കവി പ്രഭാവർമ, മാടമ്പ് കുഞ്ഞുക്കുട്ടൻ, ഡേ‍ാ. ചാത്തനാത്ത് അച്യുതനുണ്ണി, പി.പി രാമചന്ദ്രൻ, പി.സുരേന്ദ്രൻ, വി.ടി.വാസുദേവൻ, പ്രഫ. എം.എം.നാരായണൻ, ആലങ്കേ‍ാട് ലീലാകൃഷ്ണൻ, തൃത്താല എം.എൽ.എ വി.ടി ബൽറാം, ജ്ഞാനപീഠം പുരസ്കാരസമിതി പ്രതിനിധികൾ, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, സാംസ്കാരിക വകുപ്പ് സെക്രട്ടറി ആർ.സദാശിവൻനായർ, ജില്ലാകളക്‌ടർ ഡി.ബാലമുരളി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

മലയാളത്തിന് ഇത് ആറാംതവണയാണ് ജ്ഞാനപീഠം ലഭിക്കുന്നത്. അക്കിത്തം അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന അക്കിത്തം സചിത്രജീവചരിത്രം (ആത്മാരാമൻ തയ്യാറാക്കിയത്) എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. മകനും ചിത്രകാരനുമായ വാസുദേവന്റെ ചിത്രങ്ങളടങ്ങിയ പുസ്തകം ഡൽഹിയിലെ പ്രസാധകരാണ് പുറത്തിറക്കുന്നത്.