ഓരോ പ്രതിസന്ധിയിലും പുതിയ സാദ്ധ്യത കണ്ടെത്തുന്ന, അനുഭവത്തിൽ നിന്നും പഠിച്ചും തിരുത്തിയും മുന്നേറുന്ന, ലോകത്തിന് മാതൃകയായ അടൽടണലിന്റെ വിജയശിൽപ്പി പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ചീഫ് എൻജിനിയറായ മലയാളി കെ.പി. പുരുഷോത്തമന്റെ പ്രചോദിപ്പിക്കുന്ന ജീവിതത്തിലൂടെ...
സമർപ്പണം എന്ന ഒരൊറ്റ വാക്കിനോടാണ് കെ.പി. പുരുഷോത്തമൻ എന്ന കഠിനാദ്ധ്വാനി തന്റെ ജീവിതത്തെ ചേരുംപടി ചേർത്തിരിക്കുന്നത്. ഹിമാചലിലെ മണാലിയിൽ നിന്ന് ലഡാക്കിലേക്ക് അത്യധികം ക്ളേശകരമായി നിർമ്മിച്ച അടൽ ടണൽ എന്ന രാജ്യത്തെ ഏറ്റവും നീളമുള്ള പർവത തുരങ്കപാതയുടെ വിജയശിൽപ്പിയും കണ്ണൂർ സ്വദേശിയുമായ പുരുഷോത്തമൻ മലയാളികൾക്ക് സമ്മാനിച്ചത് ചരിത്രത്തിലെന്നും അടയാളപ്പെടുത്തുന്ന അഭിമാനനിമിഷങ്ങളാണ്. അടൽ തുരങ്കപദ്ധതിയോടൊപ്പം രണ്ടുഘട്ടങ്ങളിലായി സജീവമായി പ്രവർത്തിച്ച പുരുഷോത്തമൻ വെല്ലുവിളികളും അതിനൊപ്പം തന്നെയുള്ള അതിജീവനവും വളരെ ശാന്തനായാണ് നേരിട്ടത്. വളരെകുറച്ച് സമയം വിശ്രമിക്കാൻ ഇഷ്ടപ്പെടുന്ന, ഇരുപത്തിനാലുമണിക്കൂറും ജോലി ചെയ്താലും വീണ്ടും ഊർജം ബാക്കിയുണ്ടാവുമെന്ന് വിശ്വസിക്കുന്ന, ഓരോ പ്രതിസന്ധിയിലും പുതിയ സാദ്ധ്യത കണ്ടെത്തുന്ന, അനുഭവത്തിൽ നിന്നും പഠിച്ചും തിരുത്തിയും മുന്നേറുന്ന അദ്ദേഹത്തിന്റെ പ്രചോദിപ്പിക്കുന്ന ജീവിതവും ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനമായ അടൽതുരങ്കത്തിന്റെ വിശേഷങ്ങളുമറിയാം. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ചീഫ് എൻജിനിയറാണ് പുരുഷോത്തമൻ.
''ഒരു കൂട്ടായ്മയുടെ വിജയം എന്നു തന്നെ പറയാം, തുരങ്കപ്പാത നിർമ്മിക്കുന്നത് തന്നെ ഏറെ വെല്ലുവിളികളിലൂടെയാണ്. പ്രകൃതി, കാലാവസ്ഥ... അങ്ങനെ മാറ്റങ്ങൾ അപ്രതീക്ഷിതമായിരിക്കും, പത്തുവർഷം നീണ്ടകാലയളവ്, രണ്ടു ഘട്ടങ്ങളിലാണ് ഞാൻ ഇവിടെ ഉണ്ടായിരുന്നത്. മൈനസ് 30 ഡിഗ്രിയിലും താഴെയാവും തണുപ്പ്, തുരങ്കത്തിന് മുകളിലൂടെ ഒഴുകുന്ന നദിയിൽ നിന്നും താഴോട്ടേക്ക് കുതിച്ചെത്തുന്ന വെള്ളം, പാറകൾ പൊട്ടിക്കുമ്പോൾ കല്ലുകൾ തെറിച്ചുവീണുണ്ടാകുന്ന അപകടം, ഏതുനിമിഷവും എന്തും പ്രതീക്ഷിക്കാവുന്ന സാഹചര്യങ്ങൾ... അങ്ങനെ കുറേ വെല്ലുവിളികളുണ്ടായിരുന്നു. തിരിച്ചുപോകാനല്ല, മുന്നോട്ടു പോകാനാണ് ഞങ്ങളുടെ ടീം തയ്യാറായത്. ഇതൊന്നും പുതിയ അനുഭവമായിരുന്നില്ല. വർഷങ്ങളായി പ്രതികൂല കാലാവസ്ഥയോടും വെല്ലുവിളികളോടുമായിരുന്നു ഞങ്ങളുടെ യുദ്ധം. ഇനിയും അതുതന്നെയാവും. ഒരൊറ്റ ജീവനുപോലും ആപത്ത് സംഭവിക്കാതെ അടൽ തുരങ്കപദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞു എന്നതിലാണ് ഏറെ ചാരിതാർത്ഥ്യം. സെപ്തംബറിൽ തീരുമെന്ന് പറഞ്ഞപ്പോഴും എങ്ങനെ എന്ന ചോദ്യമുണ്ടായിരുന്നു, പക്ഷേ, എനിക്കുറപ്പായിരുന്നു ഈ വിജയ നിമിഷം."" അഭിമാനനേട്ടത്തിൽ അദ്ദേഹം സംസാരിക്കുന്നു.
ഓസ്ട്രിയ ആഘോഷിച്ച വിജയം
സമുദ്രാതിർത്തിയിൽ നിന്നും 10,000അടി മുകളിലുള്ള അടൽ തുരങ്കം ലോകത്തെ ഏറ്റവും നീളം കൂടിയ പർവത തുരങ്കപ്പാതയാണ്, ലോകത്തിലെ തന്നെ ഏറ്റവും ദുർഘടമായ തുരങ്കവും ഇതുതന്നെ. തുരങ്കനിർമ്മാണ രംഗത്ത് ഏറ്റവും മുന്നിലുള്ള രാജ്യമായ ഓസ്ട്രിയയുടെ ന്യൂ ഓസ്ട്രിയൻ ടണലിംഗ് മെത്തേഡ് വഴിയാണ് ഈ തുരങ്കനിർമ്മാണം സാദ്ധ്യമായത്. തുരങ്കത്തിന്റെ അകത്തുള്ള മണ്ണിന്റെ സ്വഭാവം വ്യത്യസ്തമാകുമ്പോഴാണ് സാധാരണയായി ഇങ്ങനെയുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇതിന്റെ സപ്പോർട്ടിംഗ് സിസ്റ്റം സാഹചര്യങ്ങൾക്കനുസരിച്ച് ഇടയ്ക്ക് മാറിക്കൊണ്ടിരിക്കും. ഹിമാചലിലെ കുളു, ലാഹോൾ ജില്ലകളിൽ ഭൂനിരപ്പിൽ നിന്ന് 2000 മീറ്റർ താഴെയാണ് 9.02 കിലോമീറ്റർ നീളത്തിലുള്ള പാത പോകുന്നത്. ഇതിൽ 600 മീറ്റർ ദൂരം കല്ലുകൾ ഇളകി വീഴുന്ന ഷിയർ സോൺ ആയിരുന്നു. അതിൽ തന്നെ രണ്ടര കിലോമീറ്ററോളം ദൂരം വലിയ അപകടമേഖലയായാണ് കണക്കാക്കപ്പെടുന്നത്. മുകളിൽ നദിയും ഒഴുകുന്നുണ്ട്. ഇങ്ങനെയുള്ള പ്രതികൂല സാഹചര്യങ്ങളുണ്ടാകുമ്പോൾ പദ്ധതി ഉപേക്ഷിക്കുന്നതാണ് പതിവ്. പക്ഷേ, ആ വെല്ലുവിളി ഏറ്റെടുക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. പണ്ടൊക്കെ പല തുരങ്കങ്ങളും ഇടയ്ക്ക് വച്ച് ഉപേക്ഷിക്കുമായിരുന്നു. ഇത് പക്ഷേ വിജയകരമായി മുന്നോട്ട് പോയി. പദ്ധതി പൂർത്തിയായപ്പോൾ ന്യൂ ഓസ്ട്രിയൻ ടണൽ മെത്തേഡ ് (എൻ.എ.ടി.എം) പോലും ഈ വിജയത്തെ ആഘോഷിച്ചു. അവരുടെ മെത്തേഡ് ഉപയോഗിച്ച് ഏറ്റവും വിഷമം പിടിച്ച തുരങ്കം പൂർത്തീകരിച്ചു എന്ന നിലയിലാണ് അവർ ഇതിന് വലിയ പ്രാധാന്യം നൽകിയത്.ടണൽ വന്നതോടെ അതീവ ദുഷ്ക്കരമായ നാലുമണിക്കൂർ നീളുന്ന 45 കിലോമീറ്റർ യാത്രയാണ് കുറഞ്ഞത്.
മഞ്ഞിനെ നേരിട്ട്, മഞ്ഞിൽ വിജയിച്ച്
സമുദ്രനിരപ്പിൽ നിന്നും അത്രയധികം ഉയരത്തിലുള്ള പ്രദേശമായതിനാൽ തന്നെ അവിടെ തുടർച്ചയായി ഒരാൾ ജോലി ചെയ്യുന്നത് ഏറെ പ്രയാസകരമായിരിക്കും. ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. ആദ്യടേം കഴിഞ്ഞ് കുറച്ചുവർഷങ്ങൾക്കുശേഷമാണ് രണ്ടാമതും ചുമതല ലഭിച്ച് അവിടെ എത്തിയത്. തുരങ്കത്തിന്റെ പണി തുടങ്ങുമ്പോൾ രണ്ടുവശങ്ങളിലും മഞ്ഞാണ്, തുടരെ മഞ്ഞ് വീണുകൊണ്ടിരിക്കും. മഞ്ഞുവീഴ്ച എന്നു പറഞ്ഞാൽ അവിടെ പോകാൻ പോലും പറ്റില്ല. നമ്മുടെ ജോലി തുടങ്ങുന്നത് രണ്ടുവശത്തുനിന്നുമായാണ്, സൗത്ത് പോർട്ടൽ എന്നും നോർത്ത് പോർട്ടൽ എന്നും പറയും. സൗത്ത് പോർട്ടലിൽ നമ്മൾ തുടർച്ചയായി ജോലി ചെയ്തു കൊണ്ടിരുന്നു. പക്ഷേ, നോർത്ത് പോർട്ടലിൽ അതുപറ്റില്ല. അത്രയധികം മഞ്ഞുവീഴ്ചയാണ്. അവിടെ ആറുമാസം മാത്രമേ ജോലി ചെയ്യാൻ കഴിയൂ, റോഡ് ഗതാഗതം പറ്റില്ല. മഞ്ഞുവീഴുന്നതിന് മുമ്പ് ജോലി ചെയ്യുന്ന ആളുകളെ തിരിച്ചുകൊണ്ടുവരണം, അവിടെ കുടുങ്ങിയാൽ പിന്നെ തിരിച്ചുകൊണ്ടുവരാൻ കഴിയില്ല. മൈനസ് 30 ഡിഗ്രി വരെ അന്തരീക്ഷ ഉഷ്മാവ് കുറഞ്ഞുകൊണ്ടിരിക്കും. അത്രയും തണുത്തകാലാവസ്ഥയും വെല്ലുവിളി ഉയർത്തുന്ന പ്രതിബന്ധങ്ങളെല്ലാം നേരിട്ട് മുന്നോട്ടുപോയ അനുഭവങ്ങളുള്ളതുകൊണ്ടു തന്നെ ഞങ്ങൾക്കിതെല്ലാം സ്വാഭാവികമായ കാര്യങ്ങളാണ്. വെല്ലുവിളികൾ ഏറെ മുന്നിലുണ്ടായിരുന്നു. തണുപ്പിന്റെ കാഠിന്യം കൂടി വരുമ്പോൾ കോൺക്രീറ്റ് ചെയ്യാൻ പ്രയാസമായിരിക്കും. 24 മണിക്കൂറും ഞങ്ങളെല്ലാവരും ജോലി ചെയ്തു. അടൽതുരങ്കത്തിനു താഴെ 500 മീറ്ററുള്ള എസ്കേപ്പ് ടണൽ കൂടിയുണ്ട്. എന്തെങ്കിലും അപകടം പ്രധാന തുരങ്കത്തിനുണ്ടായിക്കഴിഞ്ഞാൽ ഉപയോഗിക്കാൻ വേണ്ടിയാണത്. ഇത് അടൽ ടണലിന്റെ പ്രത്യേകതയാണ്. സാധാരണ തുരങ്കംനിർമ്മിക്കുമ്പോൾ രക്ഷാസാദ്ധ്യതയ്ക്കുവേണ്ടി സമാന്തരമായാണ് തുരങ്കം നിർമ്മിക്കാറുള്ളത്. ഇവിടെ അത് പ്രധാന തുരങ്കത്തിന് നേരെ താഴെയാണ്. തുരങ്കമുണ്ടാക്കുന്നതിന് മുമ്പ് ജിയോളജിക്കൽ പരിശോധനകൾ നടത്തേണ്ടതുണ്ട്, പാറക്കല്ലുകളെ തരം തിരിച്ച് തന്നെ പരിശോധിക്കും. പാറകളുടെ സ്വഭാവവും ജിയോളജിയും വിലയിരുത്തിയാണ് എത്ര ശക്തിയിലാണ് ബ്ളാസ്റ്റിംഗ് നടത്തേണ്ടത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്.
അതീവസുരക്ഷ നൂറുശതമാനവും
തുരങ്കത്തിൽ നിശ്ചിതദൂരത്തിൽ സി.സി.ടിവി. കാമറകളുണ്ട്, തീ കെടുത്താനുള്ള സംവിധാനം ഓരോ 75 മീറ്ററിലുമുണ്ട്. അനൗൺസ്മെന്റ് സിസ്റ്റം, വെന്റിലേഷൻ സിസ്റ്റം, വായുവിന്റെ ഗുണമേന്മ നിലനിറുത്താൻ വേണ്ടിയുള്ള സംവിധാനങ്ങൾ എന്നിവയുമുണ്ട്. അപകടമുണ്ടായാൽ എസ്കേപ്പ് ടണലിലേക്ക് പോകാനുള്ള വഴി മനസിലാക്കാൻ വേ ഒഫ് ഫൈൻഡിംഗ്സ് എല്ലായിടത്തുമുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ഫോൺ സംവിധാനവുമുണ്ട്. ആധുനികമായ സാങ്കേതികവിദ്യയാണ് എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത്. 2010 ലായിരുന്നു തുരങ്കനിർമ്മാണം തുടങ്ങിയത്. ഏറ്റവും ക്ളേശകരമായ അറുന്നൂറ് മീറ്ററിന് നാലുനാലര വർഷെടുത്തു. ബാക്കി എട്ടരക്കിലോമീറ്റർ നമ്മൾ അഞ്ചുവർഷം കൊണ്ടു ചെയ്തു തീർത്തു. ഇതിൽ നിന്നും തന്നെ എത്രമാത്രം അപകട സാദ്ധ്യതയുണ്ടെന്ന് മനസിലാക്കാൻ സാധിക്കും.ജോലിക്കിടെ പെട്ടെന്ന് മണ്ണൊലിച്ചു വന്നിട്ടുണ്ട്, അപ്പോൾ ഓടി രക്ഷപ്പെടേണ്ടി വരും. വലിയ ശക്തിയിലാണ് ഇവ വന്നുവീഴുന്നത്. തുരങ്കത്തിന്റെ മുകളിൽ രണ്ടുകിലോമീറ്റർ വരെ ഇതിന്റെ അധികഭാരമുണ്ടാകും. അത്രയും ദൂരത്തുനിന്നും വീഴുന്നത് കൊണ്ടുതന്നെ താഴോട്ടേക്ക് ഒഴുകിയാലും ഒഴുകിയാലും തീരില്ല. പാറക്കല്ലുകൾ പൊട്ടിക്കുന്നതും വലിയ റിസ്ക്ക് എടുത്താണ്. ഇങ്ങനെ വെല്ലുവിളികൾ ഉണ്ടാകുമ്പോഴും ഒരാളുടെ ജീവൻപോലും നഷ്ടപ്പെടാതെയാണ് ഈ യാത്ര പൂർത്തീകരിച്ചത്. അത്രയധികം സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. ഒരു യുദ്ധം പോലെ തന്നെയാണതും. മൂവായിരം തൊഴിലാളികളും 770 എൻജിനീയർമാരും കൺസൾട്ടന്റുമാരും കരാറുകാരും ഉദ്യമത്തിന് പിന്നിൽ ഒരേ മനസോടെ പ്രവർത്തിച്ചു.
വിജയത്തിലേക്കുള്ള ചവിട്ടുപടികൾ
കണ്ണൂരിൽ പോളിടെക്നിക്ക് പഠനത്തിനുശേഷം പുരുഷോത്തമൻ ഡൽഹിയിൽ നിന്നും സിവിൽ എൻജിനിയറിംഗ് ബിരുദം നേടി. അതിനുശേഷം കൺസ്ട്രക്ഷൻ മാനേജ്മെന്റിൽ പി.ജി.ഡിപ്ലോമയും തുടർന്ന് എം.ബി.എയും നേടി. 1987ൽ യു.പി.എസ്.സി പരീക്ഷ എഴുതി ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ ചേർന്നു. അസി എക്സിക്യൂട്ടീവ് എൻജിനിയറായി ആൻഡമാൻ നിക്കോബാർ ദ്വീപിലായിരുന്നു ആദ്യനിയമനം. നാഗാലാൻഡ്, രാജസ്ഥാൻ, മിസോറാം, ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ജോലി ചെയ്തു. ആൻഡമാൻ നിക്കോബാറിൽ ദിഗിൽപൂർ എന്ന ദ്വീപിലെ കരിയറിലെ ആദ്യ നിയമനം മുതൽ വെല്ലുവിളികൾ കൂടെയുണ്ടായിരുന്നു. നാഗാലാന്റിൽ ജോലി ചെയ്യുന്ന കാലത്ത് കൈക്കുഞ്ഞിനെയുമെടുത്ത് ഭാര്യ സിന്ധുവും കൂടെ പോകും. നാഗാലാന്റിൽ അവരുടെ നിയമങ്ങളും രീതികളുമാണ്, സ്ത്രീകളെ ബഹുമാനിക്കുന്നതിനാൽ കൂടെയുള്ളവരെ ഉപദ്രവിക്കില്ലെന്ന ധൈര്യമായിരുന്നു ആ യാത്രയുടെ പ്രേരണ. അവിടെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കുത്തനെയുള്ള മലകളായിരിക്കും, അത്രയും മോശമായ വഴികളിൽ കൂടെയാണ് പലപ്പോഴും മുന്നോട്ട് പോകേണ്ടി വരിക. ജീവൻ കയ്യിലെടുത്തുപിടിച്ചിട്ടുള്ള സന്ദർഭങ്ങളും നിരവധിയുണ്ട്. താമസസ്ഥലത്തുനിന്നും ദൂരെയായിരിക്കും പദ്ധതിപ്രദേശങ്ങൾ. അന്ന് ഒരുപാട് സുരക്ഷാസംവിധാനങ്ങളൊന്നുമില്ല. ചെറിയ ചെറിയ യൂണിറ്റുകളായാണ് പ്രവർത്തിക്കുന്നത്, വളരെ കുറച്ച് പണിക്കാരും കൂടെയുണ്ടാകും.
''എത്ര വേണമെങ്കിലും ജോലി ചെയ്യും, സമയം നോക്കില്ല. ഏത് വിപരീതസാഹചര്യത്തിലും ചേർന്നുനിൽക്കും. എല്ലാത്തിനോടും പൊസിറ്റീവാണ്, ടീം സ്പിരിറ്റാണ് ഏറ്റവും പ്രധാനം."" പ്രിയതമനെക്കുറിച്ച് തലശ്ശേരി സ്വദേശിയായ ഭാര്യ സിന്ധുവിനും അഭിമാനം മാത്രം. കണ്ണൂർ മുണ്ടേരി പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റായ ഏച്ചൂർ കേളമ്പേത്ത് കണ്ണന്റെയും കുന്നിപ്പറമ്പിൽ യശോദയുടെയും മകനാണ് പുരുഷോത്തമൻ. മകൻ വരുൺ എം.ബി.ബി.എസ് കഴിഞ്ഞ് പി.ജിക്കുള്ള പരിശീലനത്തിലാണ്. മകൾ യുവിക എൻജിനിയറിംഗ് കഴിഞ്ഞ് ഉപരിപഠനത്തിന് അമേരിക്കയിലാണ്.