തിരുവനന്തപുരം:നിങ്ങൾ ചെറിയൊരു വീട് പണിയാൻ ഉദ്ദേശിക്കുകയാണോ? എങ്കിൽ അറിഞ്ഞോളൂ വീടിനോട് ചേർന്ന് മഴവെളള സംഭരണി സ്ഥാപിക്കേണ്ട. അഞ്ചുസെന്റിൽ താഴെയുളള വസ്തുവിൽ നിർമ്മിക്കുന്ന വീടുകൾക്കും 300 ചതുരശ്രമീറ്റർ വിസ്തൃതിയുളള വീടുകൾക്കുമാണ് മഴവെളള സംഭരണികൾ വേണ്ടാത്തത്.കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ 2019 ലെ ഭേദഗതിയിലുടെ നഷ്ടപ്പെട്ടതായി പരാതി ഉയർന്ന ചില ഇളവുകൾ പുനഃസ്ഥാപിച്ച് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചതോടെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഇളവുകൾ ലഭിച്ചത്.
പുതിയ കെട്ടിട നിർമ്മാണച്ചട്ടം നിലവിൽ വന്നതോടെ 1000 കോഴികൾവരെ വളർത്തുന്നതിനുളള കെട്ടിടങ്ങൾക്ക് പെർമിറ്റ് ആവശ്യമില്ലാതായി. മാത്രമല്ല, 20 പശുക്കൾ, 50 ആടുകൾ എന്നിവയെ വളർത്തുന്നതിനായി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്കും പെർമിറ്റ് വേണ്ടേ വേണ്ട.
വ്യവസായ സ്ഥാപനങ്ങളിലേക്കുളള റോഡുകളുടെ കാര്യത്തിലും ഇളവുണ്ട്. 18,000 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കെട്ടിടങ്ങൾക്ക് ആവശ്യമുളള റോഡ് വീതി 8 മീറ്ററായി കുറച്ചു. നിലവിൽ ഇത് 10 മീറ്ററാണ്. 10 മീറ്റർ വീതിയിൽ സംസ്ഥാനത്ത് റോഡുകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചത്. പുതിയ ഭേദഗതി അനുസരിച്ച് ബിൽട്ടപ്പ് ഏരിയയുടെ അടിസ്ഥാനത്തിൽ ഫ്ളോർ റേഷ്യോ കണക്കാക്കുന്ന നിലവിലെ രീതി ഒഴിവാക്കും.പകരം, ഫ്ളോർ ഏരിയയുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന പഴയ ഫോർമുല വീണ്ടും ഉപയോഗിക്കും.
4,000 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള വ്യവസായ വിഭാഗങ്ങളിലെ കെട്ടിടങ്ങൾക്ക് റോഡ് വീതി 10 മീറ്ററിൽ നിന്ന് 6,000 സ്ക്വയർ മീറ്റർ വരെ 5 മീറ്ററും, 6,000ൽ കൂടുതലിന് 6 മീറ്ററുംആക്കിയിട്ടുണ്ട്.