e-sreedharan-

കൊച്ചി : കോടികള്‍ മുടക്കി നിര്‍മ്മിച്ച പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അപാകതകള്‍ മൂലം പുതുക്കി പണിയുവാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് ചൊവ്വാഴ്ച അനുമതി നല്‍കിയിരുന്നു. പാലം പൊളിക്കുന്നതിനെ എതിര്‍ത്ത നിര്‍മ്മാണ കമ്പനി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വന്നത്. പാലത്തില്‍ ബലപരീക്ഷണം നടത്തി പരാജയപ്പെട്ടാല്‍ മാത്രമേ പൊളിക്കാവൂ എന്നാവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചത്. പാലത്തിന്റെ അപകടാവസ്ഥയെ കുറിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഇ ശ്രീധരനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാലം ഗതാഗതയോഗ്യമല്ലെന്നാണ് അദ്ദേഹം പഠനത്തിലൂടെ കണ്ടെത്തിയത്.

കോടതി ഉത്തരവ് വന്നതോടെ പാലാരിവട്ടം പാലത്തിൻെറ പുനര്‍നിര്‍മ്മാണം നടത്താനുള്ള പ്രവര്‍ത്തികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് സര്‍ക്കാരിപ്പോള്‍. പാലത്തിന്റെ തുടര്‍ നിര്‍മ്മാണ ചുമതല ഇ ശ്രീധരന് തന്നെ നല്‍കണം എന്ന പൊതു ആവശ്യത്തെ അംഗീകരിച്ച സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തന്നെ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഇ ശ്രീധരനുമായി സംസാരിക്കുകയും, പാലം നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തികള്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിച്ച ഇ ശ്രീധരന്‍ പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തിനായി സംസ്ഥാനം ഇനി ചിലവ് വഹിക്കേണ്ടതില്ലെന്ന് അറിയിച്ചു. കൊച്ചിയില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ പണിത നാല് പാലങ്ങളുടെ നിര്‍മ്മാണം എസ്റ്റിമേറ്റ് തുകയേക്കാളും കുറഞ്ഞ തുകയ്ക്കാണ് പൂര്‍ത്തിയായതെന്നും, തത്ഫലമായി 17.4 കോടി രൂപ ബാങ്കിലുണ്ടെന്നും അറിയിച്ചു. ഈ തുകയ്ക്ക് പാലാരിവട്ടത്തെ പാലത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇ ശ്രീധരന്‍ പ്രകടിപ്പിച്ചു.

കൊച്ചി മെട്രോയുള്‍പ്പടെ സംസ്ഥാനത്ത് ഏല്‍പ്പിച്ച ജോലികളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഈ മാസം അവസാനത്തോടെ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുവാനിരിക്കുകയായിരുന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍. ജനങ്ങള്‍ക്കും നാടിനും വേണ്ടിയാണ് ഈ ചുമതല കൂടി താന്‍ ഏറ്റെടുക്കുന്നതെന്നാണ് ഇ ശ്രീധരന്‍ വ്യക്തമാക്കി.