priya

പ്രിയ വാരിയരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'ശ്രീദേവി ബംഗ്ലാവി'ന്റെ ട്രെയിലര്‍ പുറത്ത്. ബോളിവുഡ് സൂപ്പര്‍ നായികയായാണ് ചിത്രത്തില്‍ പ്രിയ വേഷമിടുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ അര്‍ബാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നു. ട്രെയിലറിലെ പ്രിയയുടെ അഭിനയത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തുവരുന്നത്.

പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച ചിത്രത്തില്‍ അസീം അലിഖാന്‍, പ്രിയാന്‍ഷു ചാറ്റര്‍ജി, മുകേഷ് റിഷി എന്നിവരും വേഷമിടുന്നു. പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന സിനിമയാണ് ശ്രീദേവി ബംഗ്ലാവ്. സസ്പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രം ഒരു ബോളിവുഡ് നടിക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ചാണ് പറയുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് എന്ന അഭ്യൂഹങ്ങളാണ് വിവാദത്തിന് കാരണമായത്.

ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയതോടെ ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയിലെ കൂടുതല്‍ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയുള്ളതാണ് ട്രെയിലര്‍. ചിത്രത്തില്‍ പ്രിയയുടെ ശ്രദ്ധേയമായ രംഗങ്ങളും പ്രധാന വേഷത്തിലെത്തുന്ന അര്‍ബാസ് ഖാന്റെ ഫൈറ്റ് രംഗങ്ങളും ഒക്കെ ഉള്‍ക്കൊള്ളിച്ചുള്ളതാണ് ട്രെയിലര്‍. ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ പാട്ടിലൂടെയാണ് പ്രിയ പ്രകാശ് വാര്യർ ശ്രദ്ധിക്കപ്പെട്ടത്. ശ്രീദേവി ബംഗ്ലാവില്‍ ഗ്ലാമറസായിട്ടാണ് പ്രിയ അഭിനയിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.