ന്യൂഡൽഹി : നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം മാത്രമാണ് ഇന്ത്യൻ സൈന്യത്തിന്റെ വീര്യം ശരിക്കും ലോകമറിയുന്നതെന്ന വാദമുയുർത്തുന്നവരുണ്ട്. ഭീകരരെ ഉൻമൂലനം ചെയ്യുന്നതിനും, ഭീകാരാക്രമണങ്ങൾക്ക് തിരിച്ചടി നൽകുന്നതിനും മൂന്നിലേറെ തവണ ഇന്ത്യൻ സേനാവിഭാഗങ്ങൾ രാജ്യത്തിന്റെ അതിർത്തി കടന്നത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ലോകത്തെ ഇന്ത്യ അറിയിച്ചിരുന്നു. എന്നാൽ ഇതിനു മുൻപും ഭീകര താവളങ്ങൾ തകർത്തെറിയാൻ ഇന്ത്യയുടെ ചുണക്കുട്ടികൾ അതിർത്തി കടന്നിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോമിന്റെ (ഉൽഫ) ഒരു പ്രവർത്തകനെതിരെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻഐഎ) പ്രത്യേക കോടതിയിലെ ഒരു കേസിന്റെ വിചാരണയ്ക്കിടെയാണ് 2003 ഇന്ത്യൻ ഓപ്പറേഷനെ കുറിച്ചുള്ള വിവരം പുറത്ത് വരുന്നത്. 2003 ൽ ഭൂട്ടാനിൽ തങ്ങളുടെ പ്രദേശത്തുനിന്ന് വിമതരെ തുരത്താൻ ഭൂട്ടാൻ സൈന്യം ഓപ്പറേഷൻ നടത്തിയിരുന്നു. എന്നാൽ ഈ ഓപ്പറേഷനിൽ മുഖ്യമായും പങ്കെടുത്തത് ഇന്ത്യയുടെ രഹസ്യ കമാന്റോകളായിരുന്നു എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയുടെ പ്രത്യേക സേനാ വിഭാഗമായ സ്‌പെഷ്യൽ ഫ്രോന്റിയർ ഫോഴ്സിലെ കമാന്റോകളാണ് റോയൽ ഭൂട്ടാൻ ആർമിയെ (ആർബിഎ) സഹായിക്കുവാനായി അണിചേർന്നത്. 2003 ഡിസംബറിലാണ് ഓൾ ക്ലിയർ എന്ന പേരിൽ ഓപ്പറേഷൻ ഭൂട്ടാനിൽ നടന്നത്.
ഗുവാഹത്തിയിലെ പ്രത്യേക എൻ ഐ എ കോടതിയിൽ നടന്ന വിചാരണയ്ക്കിടെയുള്ള പരാമർശം ഇപ്രകാരമാണ്.
'അടുത്ത കാലം വരെ, ഭൂട്ടാനിൽ അവർ ക്യാമ്പുകൾ പരിപാലിച്ചിരുന്നു, 2003 ഡിസംബറിൽ പ്രത്യേക അതിർത്തി സേനയുടെ സഹായത്തോടെ റോയൽ ഭൂട്ടാൻ ആർമി ഇവ നശിപ്പിച്ചു. ഈ ക്യാമ്പുകളിൽ പോരാളികളെയും ഉൽഫ അംഗങ്ങളുടെ പോരാളികളല്ലാത്ത കുടുംബങ്ങളെയും പാർപ്പിച്ചിരുന്നു,' ഈ കേസിൽ ഉൽഫയുടെ പ്രവർത്തകനായ ഗഗൻ ഹസാരിക്ക കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ആറ് വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.
2003 ഭൂട്ടാനിൽ നടന്ന ഓപ്പറേഷൻ ആൾക്ലിയറിൽ ഇന്ത്യ നേരിട്ട് സഹായം നൽകിയോ എന്ന സംശയം അന്ന് തന്നെ മാദ്ധ്യമങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു. സ്‌പെഷ്യൽ ഫ്രോന്റിയർ ഫോഴ്സിൽ നല്ലൊരു പങ്കും ടിബറ്റുകാരാണ്. ചൈനയുമായി അടുത്തിടെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ സേനാവിഭാഗം വീണ്ടും മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. ഓപ്പറേഷനിൽ പങ്കെടുത്ത കമാന്റോകൾ റോയൽ ഭൂട്ടാൻ ആർമിയുടെ യൂണിഫോമിൽ വസ്ത്രം ധരിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
സ്‌പെഷ്യൽ ഫ്രോന്റിയർ ഫോഴ്സ്
ഇന്ത്യ ചൈന അതിർത്തിയിൽ ഇന്ത്യൻ സേനയോടൊപ്പം മരംകോച്ചുന്ന തണുപ്പിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന പോരാളികളാണ് 'സ്‌പെഷ്യൽ ഫ്രോന്റിയർ ഫോഴ്സ്'. അമേരിക്കയുടെ ഏറ്റവും ശക്തമായ സേനാവിഭാഗമായ 'നേവി സീലുകളോ'ടാണ് കൂടുതൽ സാമ്യം എന്ന് പറയുമ്പോൾ തന്നെ ഈ യോദ്ധാക്കളുടെ കരുത്ത് മനസിലാക്കാവുന്നതേയുള്ളൂ. 1962ൽ ഇന്തോചൈന യുദ്ധം അവസാനിച്ച ശേഷമാണ് ഈ സേനാവിഭാഗം രൂപീകരിക്കപ്പെടുന്നത്.
യുദ്ധത്തിൽ രാജ്യത്തിനു തിരിച്ചടി ഉണ്ടായതോടെ ഇന്ത്യ ചൈന അതിർത്തിയിൽ, അസ്ഥി പോലും മരവിപ്പിക്കുന്ന തണുപ്പിൽ രാജ്യത്തെ കാക്കാൻ ഒരു സേനാവിഭാഗം കൂടിയേ തീരു എന്ന് കണ്ടാണ് അന്നത്തെ കേന്ദ്ര സർക്കാർ 'എസ്റ്റാബ്ലിഷ്‌മെന്റ് 22(അന്നത്തെ പേര്)' രൂപീകരിക്കുന്നത്. തുടക്കത്തിൽ ഈ പ്രദേശങ്ങളിലുള്ള ടിബറ്റൻ വംശജർ സേനാവിഭാഗത്തിന്റെ ഭാഗമായപ്പോൾ ധീരതയ്ക്ക് പേര് കേട്ട ഗൂർഖകളും പിന്നീട് ഈ സേനാവിഭാഗത്തിലെ അംഗങ്ങളായി.
അന്ന് മേജർ സുജാൻ സിംഗ് ഉദാനാണ് സേനയെ നയിച്ചിരുന്നെതെങ്കിൽ ഇന്ന് കേന്ദ്ര സർക്കാരിലെ ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ മേജർ ജനറൽ റാങ്കിലുള്ള സൈനിക മേധാവിയാണ്(ഇൻസ്‌പെക്ടർ ജനറൽ) ഇവരെ നിയന്ത്രിക്കുന്നത്. സാങ്കേതികമായി നോക്കിയാൽ 'വികാസ് ബറ്റാലിയൻ' ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമല്ല.
ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തന പരിധിക്കുള്ളിൽ സേവനം നടത്തുന്ന സ്‌പെഷ്യൽ ഫ്രോന്റിയർ ഫോഴ്സിന് സൈനിക റാങ്കുകളോട് സമാനമായ പദവികളും അധികാരവുമുണ്ട്. എന്നാൽ സൈന്യത്തിൽ നിന്നും വിഭിന്നമായി പ്രത്യേക ദൗത്യങ്ങളാണ് ഇവർ ഏറ്റെടുത്ത് പൂർത്തീകരിക്കുന്നത്. മറ്റേത് പ്രത്യേക ദൗത്യ സേനകളോടും കിടപിടിക്കുന്ന യുദ്ധമുറകളാണ് ഇവരും സ്വായത്തമാക്കുന്നത്.
കൃത്യവും കഠിനവുമായും പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് സ്‌പെഷ്യൽ ഫ്രോന്റിയർ ഫോഴ്സിലെ പോരാളികൾ രാജ്യത്തെ കാക്കാനുള്ള ദൗത്യങ്ങളുടെ ഭാഗമാകുന്നത്. സ്ത്രീ സൈനികരും ഈ സേനാ വിഭാഗത്തിന്റെ ഭാഗമായുണ്ട്. കാർഗിൽ യുദ്ധത്തിലെ പ്രത്യേക ദൗത്യങ്ങളിൽ മുൻപിൽ നിന്ന് നയിച്ചത് സ്‌പെഷ്യൽ ഫ്രോന്റിയർ ഫോഴ്സിലെ കമാന്റോകളാണ്.
മറ്റ് നിരവധി ദൗത്യങ്ങളും ഇവർ വിജയകരമായി ഇവർ പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും ഇവ അതീവ രഹസ്യ സ്വഭാവത്തിലുള്ളതായതിനാൽ ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തിവിട്ടിട്ടില്ല. 1971ലെ ഇന്ത്യാപാക് യുദ്ധത്തിലും ഇന്ത്യൻ സേനയ്ക്ക് അളവില്ലാത്ത സഹായം ചെയ്തുതന്നതും ഇവരാണ്. കിഴക്കൻ പാകിസ്ഥാനിലെ ചിറ്റഗോംഗ് കുന്നുകളിലേക്ക് വിമാനം വഴി പറന്നിറങ്ങി അവിടെ തമ്പടിച്ചിരുന്ന പാക് സേനയെ തകർത്തുകൊണ്ട് ഇന്ത്യൻ സൈന്യത്തിന് വഴിയൊരുക്കിയത് രാജ്യത്തിന്റെ ഈ ചുണകുട്ടികളാണ്. 'ഓപ്പറേഷൻ ഈഗിൾ' എന്നായിരുന്നു ഈ ദൗത്യത്തിന് പേര്.
സമാനമായി യുദ്ധസാഹചര്യത്തിൽ, ബംഗ്ലാദേശിൽ നിന്നും ബർമയിലേക്ക്(ഇന്നത്തെ മ്യാൻമാർ) കടക്കാനായി ശ്രമിച്ച പാകിസ്ഥാൻ സൈന്യത്തിന്റെ പദ്ധതി തകർത്ത് യുദ്ധത്തിന്റെ ഗതി ഇന്ത്യയ്ക്ക് അനുകൂലമാക്കി എടുത്തതും ഈ സേനാവിഭാഗമാണ്. 3000ത്തോളം സൈനികരാണ് അന്ന് പാകിസ്ഥാനെതിരെ പോരാടിയത്. അന്ന്, ഈ ധീരപുത്രന്മാരുടെ സേവനങ്ങൾക്ക് ഇന്ത്യ അവരെ കണക്കറ്റ് ആദരിക്കുകയും ചെയ്തിരുന്നു.ഇത്തരത്തിൽ രാജ്യത്തിനു വേണ്ടി കയ്യും മെയ്യും മറന്നു പോരാടുന്ന 'സ്‌പെഷ്യൽ ഫ്രോന്റിയർ ഫോഴ്സിന്റെ' ധീര പോരാട്ടങ്ങൾ പലപ്പോഴും സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുമാത്രമാണ് വാർത്തകളിൽ ഇടം നേടാതെ പോകുന്നത്.
CONTENT India’s Special Frontier Force Engaged in Operation All Clear to Flush Out Militants