waste

തിരുവനന്തപുരം: ദേശീയപാത 66ൽ മുട്ടത്തറ ഭാഗത്ത് ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത് ദേശീയപാത അതോറിട്ടിക്ക് തലവേദനയാകുന്നു. റോഡിന്റെ വശങ്ങളിലും മലിനജലം ഒഴുകിപ്പോകാനുള്ള ഓവ് ചാലുകളിലുമാണ് നഗരത്തിന്റെ പലയിടങ്ങളിൽ നിന്നായി കോഴി മാലിന്യം ഉൾപ്പെടെ കൊണ്ടുവന്നു തള്ളുന്നത്. ഓരോ ദിവസവും ട്രക്കുകളിലാണ് ദേശീയപാത അതോറിട്ടി ജീവനക്കാർ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്.

നഗരസഭ കൈമലർത്തി

മാസങ്ങളായി ദേശീയപാതയിൽ ഈഞ്ചയ്ക്കൽ മുതൽ മുട്ടത്തറ വരെയുള്ള ഭാഗത്ത് മാലിന്യം തള്ളുന്നുണ്ട്. പ്ളാസ്റ്റിക് കവറുകളിലാക്കിയ കോഴി മാലിന്യവും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ഇങ്ങനെ കൊണ്ടുവന്നു തള്ളുന്നത്. ഇതേക്കുറിച്ച് ദേശീയപാത അതോറിട്ടി അധികൃതർ നഗരസഭയെ അറിയിച്ചെങ്കിലും അവർ കൈ മലർത്തി. റോഡിന്റെ അറ്റകുറ്റപ്പണിയും മറ്റ് കാര്യങ്ങളും ദേശീയപാത അതോറിട്ടിയാണ് നടത്തേണ്ടതെന്നും തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നുമാണ് നഗരസഭയുടെ നിലപാട്. പൊലീസിനോടും ജില്ലാഭരണകൂടത്തോടും പരാതിപ്പെട്ടെങ്കിലും അവരും നിസഹായത പ്രകടമാക്കി. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പൊലീസ് പട്രോളിംഗ് ശക്തമാക്കിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

ആരോഗ്യപ്രശ്നങ്ങളും

മാലിന്യം തള്ളുന്നത് മൂലം റോഡ് ദുർഗന്ധപൂരിതമായി കാൽനടയാത്ര പോലും അസാദ്ധ്യമായിട്ടുണ്ട്. ഇതിനൊപ്പം മാലിന്യങ്ങൾ കുന്നുകൂടി കിടന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വേറെ. മലിനജലം കെട്ടിനിൽക്കുന്നത് ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

കിംഗ് കോബ്രയെ കാണാനില്ല

നഗരസഭാ പരിധിയിൽ രാത്രിയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കിംഗ് കോബ്ര പദ്ധതിക്ക് നഗരസഭ രൂപം നൽകിയെങ്കിലും ഇപ്പോൾ സംഘം നിർജീവമായിരിക്കുകയാണ്. വിമാനത്താവളത്തിന്റെയും ദേശീയപാത, ബൈപ്പാസ് എന്നിവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെയും പിടികൂടുന്നതിനാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചത്. നഗരസഭ രാത്രികാല ഹെൽത്ത് സ്‌ക്വാഡിനോടൊപ്പമാണ് 10 പൊലീസുകാരടങ്ങുന്ന സ്‌ക്വാഡ് പ്രവർത്തിച്ചുവന്നത്. സ്ക്വാഡിനു നേരെ ആക്രമണങ്ങൾ ഉണ്ടായതോടെ സ്വയരക്ഷ കണക്കിലെടുത്ത് അവർ പിൻവാങ്ങി.