yoyo-tst

ന്യൂഡൽഹി: കായിക ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ നടപ്പാക്കിയ 'ഫി‌റ്റ് ഇന്ത്യ മൂവ്മെന്റ് ' ഒന്നാം വാർഷികം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പ്രശസ്‌ത സ്‌പോർട്സ് താരങ്ങളുമായി വെർച്വൽ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ ശ്രദ്ധേയമായതാണ് ഇന്ത്യൻ ക്രിക്ക‌റ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുമായി നടത്തിയ സംഭാഷണമായിരുന്നു. ക്രിക്ക‌റ്റ് താരങ്ങളുടെ ഫി‌റ്റ്നസിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ചോദ്യത്തിന് ദൃഢമായ ഫി‌റ്റ്നസിന് യോ-യോ ടെസ്‌റ്റ് സഹായകമാകുന്നത് എങ്ങനെയെന്ന് കോലി വിവരിച്ചു.

'യോ-യോ ടെസ്‌റ്റ് എന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്താണ് ഈ യോ-യോ ടെസ്‌റ്റ്?' പ്രധാനമന്ത്രി കോലിയോട് ചോദിച്ചു. 'ഫി‌റ്റ്നസ് നിലനിർത്താൻ വളരെ പ്രധാനമാണ് ഈ ടെസ്‌റ്റ്. എങ്കിലും മ‌റ്റ് ടീമുകളെ വച്ചുനോക്കുമ്പോൾ ലോക നിലവാരത്തിലേക്ക് നാം ഇനിയും ഉയരേണ്ടിയിരിക്കുന്നു.' കോ‌ഹ്‌ലി പറയുന്നു.

ക്രിക്ക‌റ്റ് കളിക്കാരുടെ കായികക്ഷമത അളക്കുന്നത് മുൻപ് ബീപ് ടെ‌സ്‌റ്റിലൂടെയായിരുന്നു. എന്നാൽ ഇപ്പോൾ അത് പരിഷ്‌കരിച്ചാണ് യോ-യോ ടെസ്‌റ്റാക്കി മാ‌‌റ്റിയത്. ജെൻസ് ബാങ്സ്‌ബോ എന്ന ഡെൻമാർക്ക്കാരനായ ഫിസിയോളജിസ്‌റ്റ് ആണ് ഈ ടെസ്‌റ്റ് കണ്ടെത്തിയത്.

ബീപ് ശബ്ദം കേൾക്കുമ്പോൾ വിക്ക‌റ്റുകൾക്കിടയിൽ നിശ്ചയിച്ച സമയത്ത് ഓടിയെത്തുന്നതായിരുന്നു ബീപ് ടെസ്‌റ്റ്. കളിക്കാരന്റെ വേഗത, സ്ഥിരത ഇവയൊക്കെ ഇതിലൂടെ അളക്കാനാകും. ഇതിലും കഠിനമാണ് യോ-യോ ടെസ്‌റ്റ്. ബീപ് ശബ്‌ദം കേൾക്കുമ്പോൾ 20 മീറ്റർ അകലത്തിൽ വച്ചിരിക്കുന്ന രണ്ട് സെ‌റ്റ് കോണുകളിലേക്ക് ഓടിയെത്തണം. അടുത്ത ബീപ് ശബ്ദത്തിന് തിരികെ ഓടണം.മൂന്നാമത് ബീപ് ശബ്ദം കേൾക്കും മുൻപ് ഓടിത്തുടങ്ങിയയിടത്ത് തിരികെയെത്തണം. ബീപ് ശബ്ദത്തിന്റെ ആവൃത്തി തുടർന്നുള‌ള ഓട്ടത്തിൽ കൂടിവരും. ഇതിലൂടെ കളിക്കാരന്റെ വേഗത, സ്വാഭാവികമായ വേഗം കണ്ടെത്തുന്നതിനുള‌ള പ്രാപ്‌തി, ശരീര സ്ഥിരത എന്നിവ മനസ്സിലാക്കാൻ കഴിയും.

മുതിർന്ന താരങ്ങൾക്കാണ് മുൻപ് യോ-യോ ടെസ്‌റ്റ് വളരെ നിർബന്ധമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ യുവ താരങ്ങൾക്കും രഞ്ജി ട്രോഫി താരങ്ങൾക്കുമെല്ലാം ഇത് നിർബന്ധമാണ്.