ന്യൂഡൽഹി : ' നിങ്ങൾക്ക് എത്ര വയസുണ്ടെന്നാണ് പറയുന്നത്, ശരിക്കും പ്രായം അത്രയും പ്രായം നിങ്ങൾക്കുണ്ടോ ? അതോ മറ്റെന്തെങ്കിലുമാണോ ? ' പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ ചോദ്യം നടനും മോഡലും എല്ലാത്തിലുമുപരി കടുത്ത ഫിറ്റ്നസ് ഫ്രീക്കുമായ മിലിന്ദ് സോമനോടാണ്. ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായി ഇന്ന് രാജ്യത്തെ ഫിറ്റ്നസ് വിദഗ്ദ്ധരുമായും കായികതാരങ്ങളുമായും പ്രധാനമന്ത്രി നടത്തിയ ' ഫിറ്റ് ഇന്ത്യ ഡയലോഗി'ൽ സംസാരിക്കവെയാണ് മിലിന്ദിനോട് പ്രധാനമന്ത്രിയുടെ ചോദ്യം. 55 കാരനായ മിലിന്ദ് സോമൻ പ്രായത്തെ വെല്ലുന്ന ഫിറ്റ്നസ് ലെവലിലൂടെ ഏവരെയും അത്ഭുതപ്പെടുത്തുന്നയാളാണ്.
മോദിയുടെ ചോദ്യത്തിന് അടക്കിപ്പിടിച്ച ചിരിയോടെയായിരുന്നു മിലിന്ദിന്റെ മറുപടി. ' നിരവധി പേർ എന്നോട് ചോദിച്ചിട്ടുണ്ട് എനിക്ക് 55 വയസ് തന്നെയാണോ എന്ന്. ഈ പ്രായത്തിൽ എനിക്ക് 500 കിലോമീറ്റർ എങ്ങനെ ഓടാൻ സാധിക്കുന്നുവെന്നായിരുന്നു അവരെ അത്ഭുതപ്പെടുത്തിയത്. ' മെയ്ഡ് ഇൻ ഇന്ത്യാ മിലിന്ദ് ' എന്നാണ് മുൻ സൂപ്പർ മോഡലായ മിലിന്ദ് സോമാനെ മോദി തമാശ രൂപേണ പരാമർശിക്കുന്നത് ( മെയ്ഡ് ഇൻ ഇന്ത്യാ എന്ന മ്യൂസിക്കൽ ആൽബത്തിലൂടെയാണ് മിലിന്ദ് സോമൻ പ്രസിദ്ധനായത് ). മിലിന്ദിന്റെ അമ്മ ഉഷ പുഷ്- അപ്പ് ചെയ്യുന്ന വീഡിയോ താൻ അഞ്ച് തവണയെങ്കിലും അത്ഭുതത്തോടെ കണ്ടെന്നും അത് സോഷ്യൽ മീഡിയയിൽ ഫോർവേർഡ് ചെയ്തിരുന്നുവെന്നും മോദി ഓർമിച്ചു.
' പഴയ തലമുറയിൽപ്പെട്ടവർ ഒരു ദിവസം 50 കിലോമീറ്റർ വരെ നടന്നിരുന്നു. ഇന്നും ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾ വെള്ളം ശേഖരിക്കാനും മറ്റുമായി ഇന്നും ഏറെ ദൂരം നടക്കുന്നുണ്ട്. എന്നാൽ നഗരത്തിൽ നേരെ തിരിച്ചാണ്. ഇരുന്നു ജോലി ചെയ്യുന്നവരാണ് കൂടുതലും. അതുകൊണ്ട് തന്നെ എനർജി, ഫിറ്റ്നസ് ലെവൽ താഴും. 100 കിലോമീറ്ററൊക്കെ ഒരു ദിവസം ആർക്കും നടക്കാം. ഫിറ്റാകാൻ വീട് തന്നെ ധാരാളം. ജിം, മെഷീനുകൾ ഇവയൊന്നും അത്യാവശ്യമല്ല. എന്നാൽ മാനസിക ആരോഗ്യം അനിവാര്യമാണ്. ' മിലിന്ദ് പറയുന്നു.
രാജ്യത്തിന്റെ ഏറ്റവും ഉയർന്ന പദവി അലങ്കരിക്കുമ്പോൾ നേരിടുന്ന സമ്മർദ്ദത്തെ എങ്ങനെ തരണം ചെയ്യുന്നുവെന്നാണ് മോദിയോട് മിലിന്ദ് ചോദിച്ചത്. ' അതൃപ്തിയില്ലാതെ, കടമബോധത്തോടെ നമുക്ക് പകരം നാം മറ്റുള്ളവരെ സേവിക്കുമ്പോൾ അവിടെ സമ്മർദ്ദം ഉണ്ടാകില്ല. ' മോദി മറുപടിയായി പറഞ്ഞു.