ന്യൂയോർക്ക്: വിഖ്യാത ബ്രിട്ടീഷ് - അമേരിക്കൻ പത്രപ്രവർത്തകനും അന്വേഷണാത്മക പത്രപ്രവർത്തനത്തിലെ ഇതിഹാസവുമായ സർ ഹാരോൾഡ് ഇവാൻസ് (92) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് മരണമെന്ന് ഭാര്യ ടിന ബ്രൗൺ അറിയിച്ചു.
പത്രപ്രവർത്തനത്തിൽ 75 വർഷത്തെ അനുഭവസമ്പത്തിന് ഉടമയായ ഇവാൻസ് പതിനാറാം വയസിൽ ഒരു വാരികയുടെ റിപ്പോർട്ടറായാണ് തുടക്കം കുറിച്ചത്. പിന്നീട് പഠനവും പത്രപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോയി. പതിന്നാല് വർഷത്തോളം സൺഡേ ടൈംസിന്റെ എഡിറ്ററായിരുന്ന ഇദ്ദേഹം നിലവിൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ എഡിറ്റർ അറ്റ് ലാർജ് ആയിരുന്നു.
1967 - 81 കാലയളവിൽ സൺഡേ ടൈംസിന്റെ എഡിറ്ററായിരിക്കെ അദ്ദേഹം പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധമാണ്. ഗർഭിണികൾക്ക് 'മോണിംഗ് സിക്ക്നെസി'ന് നൽകിയ താലിഡോമൈഡ് കലർന്ന മരുന്ന് മൂലം അംഗവൈകല്യവും ഹൃദയത്തിന് തകരാറുമായി ലോകമെമ്പാടും നൂറുകണക്കിന് കുട്ടികൾ ജനിച്ചത് 1972ൽ ഹാരോൾഡ് ഇവാൻസിന്റെ അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെയാണ് പുറത്തു വന്നത്. കേസ് കോടതിയിൽ എത്തുകയും ബ്രിട്ടീഷ് മരുന്ന് കമ്പനിയായ ഡിസ്റ്റിലേഴ്സ് നഷ്‌ടപരിഹാരം വർദ്ധിപ്പിക്കാൻ നിർബന്ധിതരാവുകയും ചെയ്‌തു. ആ കമ്പനി അന്ന് സൺഡേ ടൈംസിന്റെ ഏറ്റവും വലിയ പരസ്യ ദാതാവായിരുന്നു.
1974ൽ പാരീസിൽ ടർക്കി വിമാനം തകർന്ന് 346 പേർ മരിച്ച അപകടത്തിന് കാരണം വിമാനത്തിന്റെ കാർഗോ വാതിലിന്റെ തകരാറാണെന്ന് വെളിപ്പെടുത്തിയത് ഇവാൻസിന്റെ ടീമിന്റെ റിപ്പോർട്ടുകളായിരുന്നു
സൺഡേ ടൈംസിന് ശേഷം, ദ വീക്ക് മാഗസിൻ, ദ ഗാർഡിയൻ, ബി.ബി.
സി റേഡിയോ 4, ടൈംസ് ഓഫ് ലണ്ടൻ, റോയിട്ടേഴ്സ് തുടങ്ങി നിരവധി മാദ്ധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചു.
1984ൽ ബ്രിട്ടനിൽ നിന്ന് അമേരിക്കയിലേക്ക് പോയ അദ്ദേഹം നോർത്ത് കരോളിന ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനായി. യു.എസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ടിന്റെ എഡിറ്റോറിയൽ ഡയറക്ടറായും ന്യൂയോർക്ക് ഡെയ്ലി ന്യൂസിന്റെ വൈസ് ചെയർമാനായും സേവനം അനുഷ്ഠിച്ചു.
@മൂല്യങ്ങളുടെ കാവൽക്കാരൻ
പത്രപവർത്തനത്തിന്റെ ഉന്നത മൂല്യങ്ങൾ സംരക്ഷിച്ച ഹാരോൾഡ് ഇവാൻസ് റിപ്പോർട്ടിംഗും എഡിറ്റിംഗും ലേ ഔട്ടും പത്രഭാഷയും ഉൾപ്പെടെ ജേർണലിസത്തിന്റെ എല്ലാ മേഖലകളിലും ശാസ്ത്രീയമായ മാനദണ്ഡങ്ങൾ നടപ്പാക്കിയ പത്രാധിപരായിരുന്നു. എസൻഷ്യൽ ഇംഗ്ലീഷ് ഫോർ ജേണലിസ്‌റ്റ്‌സ്,എഡിറ്റേഴ്‌സ് ആൻഡ് റൈറ്റേഴ്‌സ്, എഡിറ്റിംഗ് ആൻഡ് ഡിസൈൻ ( അഞ്ച് വാള്യം ), ന്യൂസ് ഹെഡ്ലൈൻസ് തുടങ്ങിയ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ മാദ്ധ്യമ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളാണ്.
ദ അമേരിക്കൻ സെൻച്വറി, ദേ മെയ്ഡ് അമേരിക്ക, ഗുഡ് ടൈംസ് ബാഡ് ടൈംസ് തുടങ്ങിയ വിഖ്യാത ഗ്രന്ഥങ്ങളുടെയും കർത്താവാണ്. സൺഡേ ടൈസിന്റെയും പിന്നീട് ദ ടൈംസിന്റയും എഡിറ്ററായിരുന്ന കാലമാണ് ഗുഡ് ടൈംസ് ബാഡ് ടൈംസ്. ടൈംസ് ഏറ്റെടുത്ത റുപ്പർട്ട് മർഡോക്ക് എന്ന മാദ്ധ്യമ കോടീശ്വരനുമായുള്ള ഉരസൽ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. മർഡോക്കുമായി തെറ്റിയാണ് ഇവാൻസ് ടൈസ് ഗ്രൂപ്പ് വിട്ടത്.
മാദ്ധ്യമമേഖലയിലെ സംഭാവനകൾ പരിഗണിച്ച് 2003ൽ ബ്രിട്ടീഷ് രാജ്ഞി ഹാരോൾഡ് ഇവാൻസിന് 'നൈറ്റ് ബാച്ചിലർ' പദവി നൽകി ആദരിച്ചിരുന്നു.
2002ൽ ബ്രിട്ടീഷ് മാദ്ധ്യമമേഖലയുമായി ബന്ധപ്പെട്ട പ്രസ് ഗസറ്റിന്റെ വോട്ടെടുപ്പിൽ എക്കാലത്തെയും മികച്ച പത്രാധിപർ എന്ന വിശേഷണവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. യൂറോപ്യൻ പ്രസ് പ്രൈസ് ജൂറി ചെയർമാനായിരുന്നു.
ബ്രിട്ടനിൽ ലങ്കാഷയറിലെ എക്കിൾസിൽ 1928 ജൂൺ 28നാണ് അദ്ദേഹത്തിന്റെ ജനനം. 1953ൽ എനിഡ് പാർക്കറെ വിവാഹം കഴിച്ചെങ്കിലും 1978ൽ ഇരുവരും വേർപിരിഞ്ഞു. 1981ൽ മാദ്ധ്യമപ്രവർത്തകയായ ടിന ബ്രൗണിനെ ജീവിതസഖിയാക്കി. രണ്ടുബന്ധത്തിലും കൂടി അഞ്ചു മക്കളുണ്ട്. നിലവിൽ അമേരിക്കൻ പൗരനാണ്