tablighi-jamaat

മുംബയ്: തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത മ്യാന്‍മറില്‍ നിന്നുള്ള എട്ട് വിദേശികള്‍ കൊവിഡ് പരത്തിയിട്ടില്ലെന്ന് ബോംബെ ഹൈക്കോടതി. ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കോടതി റദ്ദാക്കുകയും ചെയ്തു. തങ്ങള്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.


എട്ട് മ്യാന്‍മര്‍ സ്വദേശികളെ വിചാരണ ചെയ്യുന്നത് കോടതിയുടെ അധികാരം ദുരുപയോഗം ചെയ്യലാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ വി.എം ദേശ്പാണ്ഡെ, അമിത് ബി ബോര്‍ക്കാര്‍ എന്നിവര്‍ പറഞ്ഞു. ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കുന്ന യാതൊരുവിധ തെളിവുകളും ഇല്ലെന്നും കോടതി പറഞ്ഞു. മാര്‍ച്ച് 24 മുതല്‍ 31 വരെ ഇവരെ ക്വാറന്റൈന്‍ ചെയ്തിരുന്നുവെന്നും കോടതി പറഞ്ഞു. കൊവിഡ് പരത്താന്‍ തക്കതായ യാതൊരു പ്രവര്‍ത്തനങ്ങളും കുറ്റാരോപിതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.


എട്ട് മ്യാന്‍മര്‍ പൗരന്മാര്‍ക്കെതിരെ തയ്യാറാക്കിയ എഫ്‌.ഐ.ആര്‍ കോടതി റദ്ദാക്കി. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നടത്തിയ പരിശോധനയില്‍ മ്യാന്‍മര്‍ പൗരന്മാര്‍ നെഗറ്റീവായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ത്തന്നെ ഐ.പി.സി 269, 270 പ്രകാരം കേസ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ടൂറിസ്റ്റ് വിസയിലെത്തി രാജ്യത്ത് മതപരമായ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഇല്ല. അതിനാല്‍ ഫോറിനേഴ്‌സ് ആക്ടിലെ സെക്ഷന്‍ 14 ഇവര്‍ ലംഘിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.