തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 875 പേർക്ക്. ഇതിൽ 842 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. രോഗം ബാധിച്ചവരിൽ 28 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. അതേസമയം ഇന്ന് തിരുവനന്തപുരത്ത് 296 പേർക്ക് കൊവിഡ് രോഗം ഭേദമായിട്ടുമുണ്ട്. ജില്ലയിൽ സമ്പർക്ക രോഗവ്യാപനം അതിരൂക്ഷമായ നിലയിലേക്കെത്തി എന്നാണ് അനുമാനം. കൂടാതെ, ജില്ലയിൽ ഉണ്ടായ 11 മരണങ്ങൾ കൊവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചു.
സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം നരുവാമൂട് സ്വദേശി ആല്‍ബി (20), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ മന്നൂര്‍കോണം സ്വദേശി തങ്കപ്പന്‍ (70), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ പൂന്തുറ സ്വദേശി ശശി (60), ആറ്റിങ്ങല്‍ സ്വദേശി വാസുദേവന്‍ (75), മണക്കാട് സ്വദേശി ഡോ. എം.എസ്. അബ്ദീന്‍ (72), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ വെമ്പായം സ്വദേശി ഓമന (62), ആനയറ സ്വദേശി ശശി (74), കൊടുവഴന്നൂര്‍ സ്വദേശി സ്വദേശിനി സുശീല (60), മഞ്ചവിളാകം സ്വദേശി ശ്രീകുമാരന്‍ നായര്‍ (67), വള്ളക്കടവ് സ്വദേശി റോബര്‍ട്ട് (72), സെപ്റ്റംബര്‍ 22ന് മരണമടഞ്ഞ വള്ളക്കടവ് സ്വദേശിനി റഹിയാബീവി (56) എന്നിവർക്കാണ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എൻ.ഐ.വി സ്ഥിരീകരിച്ചത്.
ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ ഇന്ന് സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. ഇതോടെ ജില്ലയിലെ കൊവിഡ് മരണങ്ങളുടെ എണ്ണം 200 ആയി ഉയർന്നു. 8446 പേരാണ് രോഗം മൂലം ജില്ലയിൽ ചികിത്സയിൽ കഴിയുന്നതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പറയുന്നു. സംസ്ഥാന സർക്കാരിന്റെ കൊവിഡ് ഡാഷ്ബോർഡ് നൽകുന്ന വിവരപ്രകാരം 29,357 പേർക്കാണ് ഇതുവരെ ജില്ലയിൽ രോഗം വന്നിട്ടുള്ളത്. 20,781 പേർക്ക് ഇതുവരെ രോഗമുക്തിയും ഉണ്ടായിട്ടുണ്ട്.