liquorice

ലോസ്ആഞ്ചലസ് : ലികറിഷ് ( Liquorice ) മിഠായിയ്ക്ക് അടിമയായിരുന്ന കൺസ്ട്രക്ഷൻ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. യു.എസിലെ മസാച്യുസെറ്റ്സിലാണ് സംഭവം. ദിവസവും ഒന്നര ബാഗ് ബ്ലാക്ക് ലികറിഷ് കാൻഡിയായിരുന്നു 54 കാരനായ ഇയാൾ അകത്താക്കിയിരുന്നത്. യാതൊരു അസുഖങ്ങളും ഇല്ലാതിരുന്ന ഇയാൾക്ക് പെട്ടെന്നൊരു ദിവസം ഒരു റെസ്റ്റോറന്റിൽ വച്ച് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.

' ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഒഫ് മെഡിസി'നിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇദ്ദേഹത്തിന്റെ മരണകാരണത്തെ പറ്റി ഡോക്ടർമാർ വിശദീകരിച്ചത്. ലികറിഷിൽ അടങ്ങിയിരുന്ന ഗ്ലിസൈറിസിക് ആസിഡ് അമിതമായതാണ് ഇയാളുടെ മരണത്തിന് കാരണമായതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

ആഹാര കാര്യങ്ങളിൽ ശ്രദ്ധയില്ലാതിരുന്ന ഇയാൾ ദിവസവും കഴിക്കുന്ന മിഠായിയ്ക്ക് കൈയ്യും കണക്കുമില്ലായിരുന്നു. ലികറിഷ് കാൻഡിയിലടങ്ങിയിരിക്കുന്ന ഗ്ലിസൈറിസിക് ആസിഡ് അമിതമായി മനുഷ്യരിലെത്തിയാൽ ഹെപ്പർടെൻഷൻ, ഹൈപ്പോകലെമിയ, മെറ്റാബൊളിക് ആൽക്കലോസിസ്, ഫേറ്റൽ അറീത്‌മിയാസ്, വൃക്ക രോഗങ്ങൾ തുടങ്ങിയ രോഗാവസ്ഥകൾക്ക് കാരണമാകും.

ഈ പറഞ്ഞ രോഗാവസ്ഥകളെല്ലാം മരിച്ചയാൾക്കുണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാം വിധം കുറയുന്ന അവസ്ഥയാണ് ഹൈപ്പോകലെമിയ. മരിക്കുന്നതിന് ഏതാനും നാളുകൾക്ക് മുമ്പ് ബ്ലാക്ക് ലികറിഷ് കാൻഡിയിൽ നിന്നും മറ്റൊരു ഫ്ലേവറും ഇയാൾ പരീക്ഷിച്ചിരുന്നു.

നമ്മൾക്ക് ഏവർക്കും സുപരിചിതമായ ഒന്നാണ് ലികറിഷ് അഥവാ ഇരട്ടി മധുരം. ഇരട്ടിമധുരത്തിന്റെ വേരുകൾ, പഞ്ചസാര, ഫ്ലേവർ, ജെലാറ്റിൻ തുടങ്ങിയവ ഉപയോഗിച്ച് നിർമിക്കുന്നതാണ് ലികറിഷ് കാൻഡി എന്ന മധുര മിഠായി. സാധാരണ കറുപ്പ് നിറത്തിലുള്ള ഇവ വിവിധ വർണങ്ങളിലും കാണപ്പെടുന്നു. ട്യൂബ് ആകൃതിയിലും കയർ പിരിച്ച പോലുള്ള ആകൃതിയിലുമൊക്കെ ഇവ നിർമിക്കാറുണ്ട്.