ഹൂസ്റ്റണ്‍: കൊവിഡ് കേസുകളെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് ലോകരാജ്യങ്ങള്‍. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും മരണനിരക്ക് പിടിച്ച് നിര്‍ത്താന്‍ കഴിയുന്നില്ല. കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ കണ്ടെത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വാക്സിന്‍ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണ്.ഇതിനിടെ നോവല്‍ കൊവിഡ് പുതിയതരത്തിലുള്ള ജനിതക മാറ്റം സംഭവിക്കുന്നതായിയുള്ള പഠനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ലോകത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു
ലോകത്ത് കൊവിഡ് കേസുകള്‍ ഓരോ മണിക്കൂറിലും വര്‍ദ്ധിക്കുകയാണ്. വേള്‍ഡോമീറ്റര്‍ കണക്കുകള്‍ പ്രകാരം അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ എന്നീ രാജ്യങ്ങളാണ് കൊവിഡ് കേസുകളുടെ പട്ടികയില്‍ ആദ്യ അഞ്ചിലുള്ളത്. ഇന്ത്യയിലെ കൊവിഡ് കണക്കുകള്‍ അതിവേഗമാണ് വര്‍ദ്ധിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമത് എത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 57,32,519 ആയി 9,66,382 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 46,74,988 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 91,149 ആയി ഉയര്‍ന്നതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വൈറസിന് ജനിതക മാറ്റം
കൊവിഡിന് കാരണമായ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതായാണ് പഠനം. അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയത്. 5000ത്തിലധികം ജനിതക മാതൃകകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. നിലവിലേത് പ്രാഥമിക പഠനം മാത്രമാണെന്നും ലഭ്യമായ റിപ്പോര്‍ട്ടുകളെ കൂടുതല്‍ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമാക്കേണ്ടതുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസിലെ ഗവേഷകനായ ഡേവിഡ് മോറെന്‍സ് വ്യക്തമാക്കി.
മാറ്റം കൂടുതല്‍ അപകടം?
കൊവിഡിന് ജനിതക മാറ്റം സംഭവിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയെങ്കിലും ഇവ അപകടകരമല്ലെന്ന നിഗമനത്തിലാണ് ഗവേഷകര്‍. എന്നാല്‍ വ്യാപനത്തിന്റെ ശേഷി ഇരട്ടിക്കും. സമൂഹത്തില്‍ വ്യാപകമായ നിലവിലെ വൈറസ് കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ്. കൊവിഡിനെതിരെയുള്ള വാക്സിന്‍ പരീക്ഷണങ്ങള്‍ക്ക് ഈ സാഹചര്യം അനുകൂലമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഗവേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് ലഭ്യമാകുന്ന സൂചന.
കൊവിഡിന് ജനിതക മാറ്റം സംഭവിക്കുന്നതായും അവയുടെ സ്വഭാവത്തില്‍ മാറ്റം വരുന്നതുമായുള്ള നിരവധി പഠനങ്ങള്‍ പുറത്തുവന്നിരുന്നു. ലോകാരോഗ്യ സംഘടന ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ ശ്രമിക്കുന്നില്ലെങ്കിലും കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ ലഭ്യമാക്കുകയാണ് ആവശ്യമെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ വര്‍ഷം വാക്സിന്‍ പുറത്തിറക്കുമെന്ന അവകാശവാദം വിവിധ രാജ്യങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും സാധ്യത കുറവാണെന്ന സൂചനകളാണ് ലഭ്യമാകുന്നത്. 2021 ആദ്യത്തോടെയോ പകുതിക്ക് മുന്‍പോ ആകും വാക്സിന്‍ ലഭ്യമാകുക എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.