തിരുവനന്തപുരം: ആൾമാറാട്ടം നടത്തി കൊവിഡ് പരിശോധന നടത്തിയ കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം .അഭിജിത്തിനെതിരെ കേസെടുത്തായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പരത്താനുളള ദൗത്യമാണ് അഭിജിത്ത് ഏറ്റെടുത്തതെന്നും ഇത് തെറ്റായ പ്രവണതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സമരങ്ങളെ നിയന്ത്രിക്കാനുളള ചുമതല പ്രതിപക്ഷനേതാവിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിനിടെയിൽ പ്രതിപക്ഷ സമരങ്ങളെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് കെ.എം അഭിജിത്ത് വ്യാജപേരിലെത്തി കൊവിഡ് പരിശോധനനടത്തിയെന്ന് കാട്ടി പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസിൽ പരാതി നൽകിയത്.കെ.എം.അഭി എന്ന പേരിലാണ് അഭിജിത്ത് പരിശോധന നടത്തിയത്. സ്വന്തം ഫോൺ നമ്പരും നൽകിയിരുന്നില്ല. എന്നാൽ പേര് മാറിയത് സാങ്കേതിക പ്രശ്നം മാത്രമാണെന്നും ഫോൺ നമ്പർ നിരീക്ഷണത്തിൽ കഴിയുന്ന വീട്ടുടമയുടെതാണെന്നും അഭിജിത്ത് പറഞ്ഞു. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന് രാഷ്‌ട്രീയ താൽപര്യമുണ്ടെന്നും അഭിജിത്ത് കുറ്റപ്പെടുത്തി.