ന്യൂഡൽഹി: അമേരിക്കൻ അത്യാഡബംര മോട്ടോർസൈക്കിൾ ബ്രാൻഡായ ഹാർലി-ഡേവിഡ്സൺ ഇന്ത്യയിലെ ഉത്പാദനവും വില്പനയും നിറുത്തുന്നു. 2009ൽ ഇന്ത്യയിൽ എത്തുകയും 2010ൽ ആദ്യ ഷോറൂം തുറക്കുകയും ചെയ്ത ഹാർലി, ആഗോളതലത്തിൽ നേരിട്ട കനത്ത വില്പനനഷ്ടത്തെ തുടർന്ന് പ്രവർത്തന പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് ഇന്ത്യയുൾപ്പെടെ ഏതാനും രാജ്യങ്ങളുടെ പടിയിറങ്ങുന്നത്.
'ദി റിവിയർ" എന്ന പുനഃക്രമീകരണത്തിന്റെ ഭാഗമായി മൊത്തം 16.9 കോടി ഡോളറിന്റെ ചെലവ് കമ്പനി പ്രതീക്ഷിക്കുന്നു. മാതൃരാജ്യമായ അമേരിക്ക ഉൾപ്പെടെ ലാഭകരമായ വിപണികളിൽ മാത്രമായിരിക്കും ഇനി ശ്രദ്ധ. മൊത്തം വില്പനയുടെ അഞ്ചുശതമാനത്തിൽ താഴെ മാത്രം പങ്കുവഹിക്കുന്ന ഇന്ത്യയിൽ 70 ജീവനക്കാരെ പിരിച്ചുവിടും. നിലവിലെ ഉപഭോക്താക്കൾക്ക് കരാർ തീരുംവരെ വില്പനാനന്തര സേവനം നൽകും.
ഇന്ത്യയിൽ 30ഓളം ഷോറൂമുകളുള്ള കമ്പനി ഈവർഷം ഏപ്രിൽ-ജൂണിൽ വിറ്റഴിച്ചത് 100ഓളം യൂണിറ്റുകൾ മാത്രമാണ്.