home-loans

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ ആദ്യമാസങ്ങളിൽ വൻ തിരിച്ചടി നേരിട്ട ഭവന വായ്‌പകൾക്ക് വീണ്ടും ഡിമാൻഡ് കൂടുന്നു. ജൂലായിലും ആഗസ്‌റ്റിലും ഭവന വായ്‌പയ്ക്ക് വൻ ഉണർവുണ്ടായെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ട്രാൻസ്‌യൂണിയൻ സിബിൽ വ്യക്തമാക്കി.

കഴിഞ്ഞവർഷത്തെ സമാനകാലത്തിന് തുല്യമായ നേട്ടം കഴിഞ്ഞ രണ്ടുമാസക്കാലത്തുണ്ടായി. എന്നാൽ,​ കൊവിഡിന് മുമ്പത്തെ മാസങ്ങളിലെ വളർച്ചയിലേക്ക് ഇനിയും വായ്‌പാ വിതരണം എത്തിയിട്ടില്ലെന്നും സിബിൽ വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളാണ് ഉണർവിന് നേതൃത്വം നൽകുന്നത്.

വ്യക്തിഗത വായ്‌പകൾക്ക് പൊതുമേഖലാ ബാങ്കുകളിലുണ്ടായ അന്വേഷണം കഴിഞ്ഞവർഷത്തേതിന്റെ 118 ശതമാനത്തിലും കൊവിഡിന് മുമ്പത്തെ മാസങ്ങളിലേതിന്റെ (ജനുവരി,​ ഫെബ്രുവരി)​ 102 ശതമാനത്തിലുമെത്തി. ജനുവരി,​ ഫെബ്രുവരി മാസങ്ങളിലെ അന്വേഷണത്തിന്റെ മൂന്നിലൊന്ന് കഴിഞ്ഞ രണ്ടുമാസങ്ങളിലായി സ്വകാര്യ ബാങ്കുകൾക്ക് ലഭിച്ചു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻ.ബി.എഫ്.സി)​ ലഭിച്ചത് 50 ശതമാനമാണ്.

2019ലെ ജൂലായ്-ആഗസ്‌റ്റിലേതിന്റെ 112 ശതമാനം അന്വേഷണമാണ് ഈവർഷത്തെ സമാനമാസങ്ങളിൽ ഭവന വായ്പകൾക്ക് ലഭിച്ചത്; എന്നാൽ,​ ജനുവരി-ഫെബ്രുവരിയുടെ 92 ശതമാനം മാത്രമാണിത്. വാഹന വായ്‌പകൾ കഴിഞ്ഞവർഷത്തേതിന്റെ 88 ശതമാനവും ജനുവരി-ഫെബ്രുവരിയുടെ 84 ശതമാനവും തിരിച്ചുപിടിച്ചു.

ഈടിന്മേലുള്ള വായ്‌‌പകളിൽ തിരിച്ചുപിടിച്ചത് 90 ശതമാനമാണ്. ജനുവരി-ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ ലഭിച്ചത് 72 ശതമാനം.

എല്ലാ ബാങ്കുകളിലുമായി വ്യക്തിഗത വായ്‌പകളുടെ അന്വേഷണമാണ് ഇനിയും ഉണർവിലെത്താനുള്ളത്. ജൂലായ്-ആഗസ്‌റ്റിൽ ഈയിനത്തിലെ അന്വേഷണം 2019ലെ സമാനമാസങ്ങളുടെ 40 ശതമാനം മാത്രമാണ്. ജനുവരി-ഫെബ്രുവരിയുടെ 47 ശതമാനവും. ജനുവരി-ഫെബ്രുവരിയുടെ 61 ശതമാനം അന്വേഷണങ്ങൾ ക്രെഡിറ്റ് കാർഡുകളും തിരിച്ചുപിടിച്ചു.

വായ്‌പകളുടെ തിരിച്ചുവരവ്

(വായ്‌പാ ഇനങ്ങളും ഉണർവും)​

 ഭവന വായ്‌പ : ജൂലായ്-സെപ്‌തംബറിൽ 2019ലെ സമാനമാസങ്ങളെ അപേക്ഷിച്ച് അന്വേഷണം - 112%; ഈവർഷം ജനുവരി-ഫെബ്രുവരിയുടെ 92 ശതമാനം.

 വാഹന വായ്‌പ : ജൂലായ് - സെപ്‌തംബറിൽ അന്വേഷണം 88 ശതമാനം; കൊവിഡിന് മുമ്പത്തെ മാസങ്ങളുടെ 84 ശതമാനമാണിത്.

എന്താണ് നേട്ടം?​

എസ്.ബി.ഐ.,​ ബാങ്ക് ഒഫ് ബറോഡ,​ യൂമിയൻ ബാങ്ക്,​ എച്ച്.ഡി.എഫ്.സി ബാങ്ക്,​ ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിങ്ങനെ പ്രമുഖ ബാങ്കുകളിൽ ഭവന വായ്‌പാ പലിശനിരക്ക് ഏഴ് ശതമാനത്തോളം മാത്രമാണ്. ഭവന വായ്‌പാ ഇടപാടുകാർക്ക് വിവിധ സംസ്ഥാനങ്ങൾ നികുതിയിളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.