പൈൻ മരക്കാടുകൾക്കിടെയിൽ അങ്ങ് ദൂരെ ചെങ്കുത്തായ പാറക്കെട്ടുകളെ കീറിമുറിച്ചു കൊണ്ട് ഒഴുകുന്ന അരുവികൾക്ക് അഭിമുഖമായി കാർപേത്യൻ മലനിരകളിൽ ഉയർന്നു നില്ക്കുന്ന കോട്ട.... ബ്രാം സ്റ്റോക്കറിന്റെ കഥയിലെ ഡ്രാക്കുള കോട്ടയുടെ വർണനയാണ് ഇത്. അങ്ങ് യൂറോപ്പിലെ ഡ്രാക്കുളക്കോട്ടയെ പോലെ ഗോഥിക് ടച്ചോട് കൂടിയ ഒരു പടുകൂറ്റൻ കോട്ട കൊളംബിയയിലുമുണ്ട്. ഡ്രാക്കുളക്കോട്ടയുടെ കുഞ്ഞ് ലാറ്റിനമേരിക്കൻ വേർഷൻ എന്ന് വേണമെങ്കിൽ പറയാം.
കൊളംബിയയിലെ ടെക്വെൻഡാമ വെള്ളച്ചാട്ടത്തിന് അഭിമുഖമായി ചെങ്കുത്തായ മലനിരകളിലാണ് ഈ കോട്ട. ശരിക്കും ഇപ്പോൾ ഇതൊരു മ്യൂസിയം ആണ്. എന്നാൽ പണ്ട് ഇതൊരു ഹോട്ടലായിരുന്നു. ഉപേക്ഷിക്കപ്പെട്ടതോടെയാണ് മ്യൂസിയമാക്കി മാറ്റിയത്. 'ടെക്വെൻഡാമ ഫാൾസ് മ്യൂസിയം' എന്നാണ് പേര്. 1923ൽ പണിത 'ദ മാൻഷൻ ഒഫ് ടെക്വെൻഡാമ ഫാൾസ് ' എന്ന ബംഗ്ലാവാണ് 1928ൽ 'എൽ ഹോട്ടൽ ഡെൽ സാൾട്ടോ ' അഥവാ 'ടെക്വെൻഡാമ ഫാൾസ് ഹോട്ടൽ ' ആയത്.
പണ്ട് കാലത്ത് കൊളംബിയയിൽ എത്തുന്ന സമ്പന്നരായ സഞ്ചാരികൾ ഈ ഹോട്ടലിലായിരുന്നു തങ്ങിയിരുന്നത്. ഏകദേശം 60 വർഷത്തോളം പ്രവർത്തിച്ച ഹോട്ടൽ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ നഷ്‌ടത്തിലാവുകയും തുടർന്ന് 1990കളുടെ തുടക്കത്തിൽ അടച്ചുപൂട്ടുകയുമായിരുന്നു. ഇതോടെ ഈ പ്രദേശമൊട്ടാകെ വിജനമായി.
ഇതോടെ ഇവിടമൊരു ആത്മഹത്യാ പോയിന്റ് ആയി മാറി. പലരും ഇവിടെയെത്തി താഴേക്ക് ചാടി മരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് കൊളംബിയയിലെ മ്യൂസ്‌ക ഗോത്ര വർഗക്കാർ സ്‌പാനിഷ് അധിനിവേശത്തിൽ നിന്നും രക്ഷനേടാൻ ഇവിടുത്തെ വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്‌തിരുന്നു. ഇങ്ങനെ ചെയ്യുമ്പോൾ തങ്ങൾ പരുന്തുകളായി മാറുമെന്നും തങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നും അവർ വിശ്വാസിച്ചിരുന്നു. ആളും അനക്കവും ഇല്ലാത്ത ഇവിടേക്ക് ആളുകൾക്ക് വരാൻ പോലും ഭയമായി.
2013ലാണ് ഹോട്ടലിനെ സർക്കാർ ഏറ്റെടുത്ത് മ്യൂസിയമായി പ്രഖ്യാപിച്ചത്. മ്യൂസിയത്തിന്റെ ജനാലകളിലൂടെ പുറത്തേക്ക് നോക്കിയാൽ കാണുന്ന കാഴ്ച വർണിക്കാവുന്നതിലും അപ്പുറമാണ്. മദ്ധ്യാകാലഘട്ട ലോകത്തെത്തിയ പോലെ ഒരു മായാ ലോകത്താകും നമ്മൾ. മ്യൂസിയത്തിന്റെ പേര് പോലെ തന്നെ ടെക്വെൻഡാമ വെള്ളച്ചാട്ടവും അഭിമുഖമായി നിൽക്കുന്ന മലനിരകളുമാണ് പ്രധാന ആകർഷണം. ബൊഗോറ്റ നദിയാണ് ടെക്വെൻഡാമ വെള്ളച്ചാട്ടമായി താഴേക്ക് പതിക്കുന്നത്. കൊളംബിയയുടെ തലസ്ഥാന നഗരമായ ബൊഗോറ്റയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ഇവിടം.