baggages

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഭ്യന്തര വിമാന സര്‍വീസുകളില്‍ ചെക്ക് ഇന്‍ ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം വ്യോമയാന മന്ത്രാലയം നീക്കി. ലോക്ക് ഡൗണിന് ശേഷം മേയ് 25ന് വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചപ്പോള്‍ ഒരു ചെക്ക് ഇന്‍ ബാഗേജ് മാത്രമാണ് അനുവദിച്ചിരുന്നത്.

ചെക്ക് ഇന്‍ ബാഗുകളുടെ ഭാരപരിധിയുടെ കാര്യത്തില്‍ പഴയ പോലെ തന്നെ വിമാന കമ്പനികള്‍ക്ക് തീരുമാനം സ്വീകരിക്കാവുന്നതുമാണ്.അറുപത് ശതമാനം ആഭ്യന്തര സര്‍വീസുകള്‍ നടത്താനാണ് വിമാന കമ്പനികള്‍ക്ക് അനുമതിയുള്ളത്. അതേസമയം, രാജ്യത്ത് രാജ്യാന്തര വിമാന സര്‍വീസ് ഇതുവരെ തുടങ്ങിയിട്ടില്ല. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായ സര്‍വീസുകളും ഉഭയകക്ഷി കരാറുകളുടെ ഭാഗമായുള്ള പ്രത്യേക സര്‍വീസുകളും മാത്രമാണ് വിദേശത്തേയ്ക്കും തിരിച്ചുമുള്ളത്.


അണ്‍ലോക്ക് നാലാം ഘട്ടത്തിലൂടെ രാജ്യം കടന്ന് പോകുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ പുനഃരാംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നീക്കം ആരംഭിച്ചിരുന്നു. ആദ്യ പടിയായി ഇന്ത്യയില്‍ നിന്ന് സര്‍വീസ് ഉണ്ടാകുന്ന 13 രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞയാഴ്ച മന്ത്രാലയം പുറത്തിറക്കിയിരുന്നു.


നിലവിലുള്ള രാജ്യങ്ങള്‍ക്ക് പുറമേ അമേരിക്കയടക്കമുള്ള 13 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് സര്‍വീസ് ഉണ്ടാകുക. യു.എസ്, യു.കെ, കാനഡ, ഖത്തര്‍, ഫ്രാന്‍സ്, ജര്‍മ്മനി, അഫ്ഗാനിസ്ഥാന്‍, യു.എ.ഇ, മാലിദ്വീപ്, ഇറാഖ്, നൈജീരിയ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലേക്കാകും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാംഭിക്കുമ്പോള്‍ സര്‍വീസുകള്‍ ഉണ്ടാകുക. സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ഈ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി മുന്‍പ് വ്യക്തമാക്കിയിരുന്നു.