contraceptives

ഏറ്റവും മികച്ച ഗർഭനിരോധന മാർഗങ്ങളിൽ ഒന്നാണ് 'കോണ്ടം', അഥവാ ഗർഭ നിരോധന ഉറകൾ. ഗർഭധാരണം ഒഴിവാക്കാം എന്നത് മാത്രമല്ല കോണ്ടം കൊണ്ടുള്ള ഗുണം. പലതരം രോഗങ്ങളെയും പ്രതിരോധിക്കാനുള്ള മികച്ച മാർഗങ്ങളിൽ ഒന്നു കൂടിയാണ് ഗർഭനിരോധന ഉറകൾ.

എന്നാൽ ഈ ഉറകൾ ഉപയോഗിച്ച ശേഷം വീണ്ടും വിൽപ്പന ചെയ്യുന്ന കാര്യം ചിന്തിക്കാൻ സാധിക്കുമോ? അത്തരത്തിലൊരു അറപ്പിക്കുന്ന 'ബിസിനസ്' നടത്തുന്ന കൂട്ടരെ പൊലീസ് പിടികൂടിയ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

വിയറ്റ്‌നാമിൽ 'ഹോ ചിമിൻ' നഗരത്തിന് കിഴക്കായുള്ള ബിൻ ദുവോങ്ങിലാണ്‌ സംഭവം നടന്നത്. ഇവിടുത്തെ ഒരു വെയർഹൗസിൽ നിന്നും ഇത്തരത്തിൽ വിൽക്കാനായി 'തയ്യാറാക്കിയെടുത്ത' 345,000 ഗർഭനിരോധന ഉറകൾ ഉൾക്കൊള്ളുന്ന 360 കിലോയുടെ ബാഗുകളാണ് വിയറ്റ്നമീസ് പൊലീസ് കണ്ടെടുത്തത്.

കണ്ടെടുത്തപ്പോൾ ഇവ തറയിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു എന്നും പൊലീസ് പറയുന്നു. സംഭവത്തിൽ വെയർഹൗസിന്റെ ഉടമയും ഒരു സ്ത്രീയും ഉൾപ്പെടെ നിരവധി പേർ അറസ്റിലായിട്ടുണ്ടെന്നാണ് വിവരം.

ഉപയോഗിച്ച കോണ്ടം ശേഖരിച്ച ശേഷം അവ വെള്ളത്തിലിട്ട് തിളപ്പിച്ച് പുരുഷ ലൈംഗികാവയവത്തിന്റെ ആകൃതിയിലുള്ള ഒരു തടിക്കഷണത്തിൽ ഉറപ്പിച്ചുകൊണ്ട് ഉണ്ടാക്കിയെടുത്ത ശേഷമാണ് വിൽപ്പന ചെയ്തിരുന്നതെന്ന് പിടിയിലായ സ്ത്രീ പൊലീസിന് മൊഴി നൽകി.

ഓരോ ഉറയ്ക്കും 0.17(12.55 രൂപ) ഡോളറാണ് ഇവർ ഈടാക്കിയിരുന്നത്. ഇത്തരത്തിൽ എത്ര ഗർഭനിരോധന ഉറകളുടെ വിൽപ്പന ഇവർ നടത്തിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. തിരിച്ചറിയാനാകാത്ത ഒരാളാണ് മാസം തോറും തങ്ങൾക്ക് ഉറകൾ എത്തിച്ചിരുന്നതെന്ന് വെയർഹൗസിന്റെ ഉടമ പറയുന്നത്.