gopi-sundar

ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്ന ഇമ്രാന്റെ വണ്ടിയില്‍ യാത്രക്കാരനായി കയറിയാണ് ഗായകന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ കിടിലനൊരു സര്‍പ്രൈസ് നല്‍കിയത്. തന്റെ അടുത്ത ഗാനം പാടാനുള്ള അവസരത്തിനൊപ്പം പാട്ടിനുള്ള അഡ്വാന്‍സും നല്‍കിയാണ് അദ്ദേഹം ഇമ്രാനെ അന്ന് ഞെട്ടിച്ചത്.

ഇപ്പോഴിതാ ഇമ്രാന് നല്‍കിയ വാക്ക് നിറവേറ്റിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഇമ്രാന്‍ പാടുന്ന ആദ്യ ഗാനത്തിന്റെ റെക്കോഡിങ്ങ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവയ്ക്കുകയാണ് അദ്ദേഹം. ''ഞങ്ങളുടെ റെക്കോര്‍ഡിംഗ് സെഷന്‍ പൂര്‍ത്തിയാക്കി. മിടുക്കനായ പ്രതിഭാധനനായ ഇമ്രാന്‍ ഖാനുമായി ഒരുമിച്ച് ജോലി ചെയ്തത് അത്ഭുതകരമായ അനുഭവമായിരുന്നു. ഞങ്ങളെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ നിലനിര്‍ത്തുക ഞങ്ങള്‍ ഒരു മനോഹരമായ പാട്ടിന്റെ ആദ്യ വരിയുമായി വരുന്നു - സംഗീതമേ.....'' ഇമ്രാനുമൊത്തുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദര്‍ കുറിച്ചു. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്.

റിയാലിറ്റി ഷോയിലൂടെയാണ് പ്രശസ്തനായെങ്കിലും ഓട്ടോ ഓടിച്ചാണ് ഇമ്രാന്‍ ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. പാട്ടിനോടുള്ള അടങ്ങാത്ത ആവേശം അപ്പോഴും ഇമ്രാന്റെ ഉള്ളില്‍ ഉണ്ടായിരുന്നില്ല. ആ ആഗ്രഹം മറ്റൊരു റിയാലിറ്റി ഷോയില്‍ അതിഥി ആയി എത്തിയപ്പോള്‍ ഇമ്രാന്‍ തുറന്നു പറയുകയും അന്ന് ജഡ്ജിംഗ് പാനലിലുണ്ടായിരുന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഇമ്രാന് ഒരു പാട്ട് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ആ വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ ഇമ്രാന്റെ ഓട്ടോയില്‍ യാത്ര ചെയ്തത്. മാസ്‌ക് ധരിച്ച് യാത്രികനായി ഇമ്രാന്റെ ഓട്ടോയില്‍ കയറുകയായിരുന്നു ഗോപി സുന്ദര്‍, ഇടയ്ക്ക് വച്ച് ചായ കുടിക്കാന്‍ നിര്‍ത്തിയ ശേഷം സൗഹൃദ സംഭാഷണത്തിനിടെയാണ് തന്റെ പേര് ഇമ്രാനോട് ഗോപി സുന്ദര്‍ വെളിപ്പെടുത്തിയത്. ഇതോടെ ഞെട്ടിപ്പോയ ഇമ്രാന് പാട്ടിന്റെ അഡ്വാന്‍സും നൽകി.