assault

ആലപ്പുഴ: ബന്ധുവായ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി ഗർഭിണിയാക്കിയ ശേഷം മറ്റൊരു വിവാഹം കഴിക്കാൻ നോക്കിയ യുവാവ് പൊലീസ് പിടിയിൽ. ചെങ്ങന്നൂർ പെരിങ്ങാല ആലിന്‍ ചുവട് പാലനില്‍ക്കുന്നതില്‍ സൂരജ് എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയ ശേഷം ഇവരുമായി സൂരജ് ദുബായിലേക്ക് തിരിക്കുകയും അവിടെ വച്ച് ഭാര്യാ ഭർത്താക്കന്മാരായി ജീവിതം തുടങ്ങുകയും ചെയ്തിരുന്നു.

യുവതി തിരുവനന്തപുരത്ത് ബ്യൂട്ടീഷന്‍ കോഴ്സ് പഠിക്കുന്നതിനിടയിലാണ് അയൽവാസിയും അകന്ന ബന്ധുവുമായ സൂരജുമായി ഇവർ പ്രണയത്തിലാകുന്നത്‌. ശേഷം തിരുവനന്തപുരത്തെ ലോഡ്ജിലും, കൊല്ലം, നൂറനാട് തുടങ്ങിയ സ്ഥലങ്ങളിൽ യുവതിയെ കൊണ്ടുപോയി പീഡനത്തിനിരയാക്കി എന്നാണു വിവരം.

മുൻപ്, പാറച്ചന്ത സ്വദേശിയെ വിവാഹം ചെയ്തിരുന്ന യുവതി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. ദുബായിൽ എത്തിയ ശേഷമാണ് യുവതി ഗർഭിണിയായത്. പിന്നീട് നാട്ടിൽ എത്തിയ ശേഷം ഇവർ പ്രസവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ സൂരജ് നാട്ടിലെത്തി മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയാണ് ചെയ്തത്.

ഇതറിഞ്ഞതോടെയാണ് താൻ സൂരജിനാൽ പീഡിപ്പിക്കപ്പെട്ടുവെന്ന് കാട്ടി യുവതി ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നൽകിയത്. ബാംഗ്ലൂര്‍ വഴി വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് കടത്ത്, മണൽ കടത്ത്, കൊട്ടേഷന്‍ സംഘങ്ങളില്‍ ഇയാള്‍ അംഗമാണെന്നും നിരവധി കേസുകളിലെ പ്രതിയാണിയാളെന്നും പൊലീസ് പറയുന്നു.