cm-pinarayi-vijayan

തിരുവനന്തപുരം: ജ്ഞാനപീഠ ജേതാവ് അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ കൃതിയായ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' കമ്മ്യൂണിസ്റ്റ് വിരുദ്ധമായ രചനയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃതിയെ സൗഹൃദപൂർണമായ വിമർശനമായാണ് കാണേണ്തെന്നും അദ്ദേഹം പറഞ്ഞു. അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം നൽകുന്ന ചടങ്ങിനെ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അദ്ദേഹത്തിന്റെ 'കുടിയൊഴിക്കൽ' എന്ന കവിതയെയും സമാനമായ രീതിയിലാണ് കാണേണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അക്കിത്തത്തിന്റെ കവിതകൾ ചൂഷണവ്യവസ്ഥയ്ക്ക് എതിരാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ വരികൾ പഴഞ്ചൊല്ലുപോലെ സാധാരണക്കാർക്കിടയിൽ പ്രചരിച്ചതിനെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കവിയെ തുറന്ന മനസ്സോടെ പഠിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 'പണ്ടത്തെ മേശാന്തി' എന്ന കവിതയിലെ 'എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ, എന്റയല്ലീ മഹാക്ഷേത്രവും മക്കളേ' എന്ന വരികൾ ഉത്പാദനോപാധികളിൽ നിന്നും അന്യവൽക്കരിക്കപ്പെടുന്ന സാധാരണ മനുഷ്യന്റെ ശബ്ദമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെടുന്നു. സാംസ്കാരികമന്ത്രി എ.കെ ബാലനാണ് കവിക്ക് പുരസ്കാരം വീട്ടിലെത്തി കൈമാറിയത്.