ന്യൂഡൽഹി: ഇസ്ലാമിക മതപ്രചാരകൻ സാക്കിർ നായിക്കിന് കുരുക്കുമായി കേന്ദ്ര സർക്കാർ. ഇയാളുടെ വർഗീയ, വിദ്വേഷ പ്രചാരണങ്ങൾ കണക്കിലെടുത്താണ് സാക്കിറിന് വിലക്കേർപ്പെടുത്താനായി കേന്ദ്രം ഒരുങ്ങുന്നത്. ഇത് സംബന്ധിച്ചുള്ള ഐ.ബി റിപ്പോർട്ടാകും തീരുമാനത്തിന് അടിസ്ഥാനമാകുക. പ്രധാനമായും ഓൺലൈൻ വഴിയുള്ള ഇയാളുടെ പ്രചാരണ മാർഗങ്ങൾക്കാണ് വിലക്ക് വരുത്തുക.
മതപ്രചാരണം ലക്ഷ്യം വച്ചുകൊണ്ട് നടത്തപ്പെടുന്ന സാക്കിറിന്റെ പീസ് ടിവി, മൊബൈൽ ആപ്പ്, യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ് എന്നിവയാണ് ഇന്ത്യയിൽ നിരോധിക്കുക എന്നാണ് വിവരം. അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഇത് നടപ്പാക്കുന്നതിനായി കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയത്തില്‍ ഐ.ബി, എന്‍.ഐ.എ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവർ ചർച്ചകൾ നടത്തിയിട്ടുണ്ട്.
നായിക്കിന്റെ സംഘടന, മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള വിവിധ മാർഗങ്ങളിലൂടെ ഇന്ത്യയിലെ മുസ്ലിം യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുകയും അതുവഴി അവരെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുകയാണ് എന്നാണ് ഇന്റലിൻജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
സാക്കിർ നായിക്കിന്റെ സംഘടനയ്ക്ക് ജിഹാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഇന്ത്യയിൽ വിഘടനാവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ചില അറബ് രാജ്യങ്ങളിൽ നിന്നും ഇയാൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും ഐ.ബി കണ്ടെത്തിയിട്ടുണ്ട്.
കള്ളപ്പണ ഇടപാട് നടത്തിയതിന്റെ പേരിലും വർഗീയ ഇടപാടുകളുടെ പേരിലും ഇയാളുടെ പേരിൽ കേസുകൾ നിലനിൽക്കുന്നതിനാൽ ഇന്ത്യയിൽ വരാൻ സാധിക്കാത്ത സാഹചര്യമാണ് സാക്കിറിനെങ്കിലും വിവിധ മാദ്ധ്യമങ്ങൾ വഴിയുള്ള ഇയാളുടെ വിദ്വേഷ പ്രചാരണങ്ങൾക്ക് യാതൊരു തടസവും നേരിട്ടിട്ടില്ലെന്നും ഐ.ബി വ്യക്തമാക്കുന്നു.
ഇത് ഇന്ത്യയുടെ സാമുദായിക ഐക്യത്തിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നതെന്നും ഐ.ബി പറയുന്നു. കേന്ദ്ര ഇലക്ട്രോണിക്സ്/ഐ.ടി മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഒത്തുചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. ദേശീയ അന്വേഷണ ഏജൻസിയുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിലുള്ള സാക്കിർ നായിക്ക് തന്റെ 'മതപ്രചാരണ'ത്തിനായി ഒരു മൊബൈൽ ആപ്പ് കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു.