കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ പുറത്ത്.രണ്ട് കാര്യങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പ്രധാനമായും വ്യക്തത തേടിയത്. ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് അറിഞ്ഞിരുന്നോ? കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള കൂടിക്കാഴ്ചകൾക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ എൻ.ഐ.എ ചോദിച്ചറിഞ്ഞു.
ലൈഫ് മിഷനിൽ കമ്മീഷൻ കിട്ടിയത് താൻ അറിഞ്ഞില്ലെന്നും, കൂടിക്കാഴ്ച വ്യക്തിപരമായിരുന്നെന്നും ശിവശങ്കർ മൊഴി നൽകി. ഒരു കോടി കമ്മീഷൻ കിട്ടിയ കാര്യം താൻ പറഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷ് എൻ.ഐ.എയോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകളുടെ തീയതികൾ സംബന്ധിച്ചും ദേശീയ അന്വേഷണ ഏജൻസി വ്യക്തത വരുത്തി.
സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് കൂടുതൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. സ്വപ്നയിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ദേശീയ അന്വേഷണ ഏജൻസി ഇന്നലെ ശിവശങ്കറിനെ എട്ടര മണിക്കൂറാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്‌ത് വിട്ടയച്ചെങ്കിലും ക്ളിൻചിറ്റ് നൽകിയിട്ടില്ല. എന്നാൽ അറസ്റ്റിനുള്ള തെളിവുകൾ ലഭിച്ചില്ലെന്നാണ് സൂചന.
സ്വപ്നയെയും ശിവശങ്കറിനെയും രണ്ടു മുറികളിൽ വീഡിയോ കോൺഫറൻസിലൂടെ ഒരേ സമയം ചോദ്യം ചെയ്യുകയായിരുന്നു. 41 ചോദ്യങ്ങളാണ് ഇരുവരോടും ചോദിച്ചത്.നേരത്തെ മൂന്നു ദിവസങ്ങളിലായി ഇരുപത്തിനാലര മണിക്കൂർ ചോദ്യം ചെയ്യലിൽ ശിവശങ്കർ പറഞ്ഞ പലതും പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരുന്നു. അതോടെയാണ് സ്വപ്നയ്‌ക്കൊപ്പം ചോദ്യം ചെയ്യാനായി എൻ.ഐ.എ ചടുല നീക്കത്തിൽ ഇന്നലെ വീണ്ടും വിളിച്ചുവരുത്തിയത്.