sivasankar

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനലിലെ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ക്ളീൻ ചിറ്റ് നൽകാത്തത് എപ്പോൾ വേണമെങ്കിലും വീണ്ടും വിളിപ്പിക്കാനുള്ള സാദ്ധ്യത നിലനിറുത്തി. ഇന്നലെ എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ സ്വപ്‌നയുമായുള്ളത് വ്യക്തിപരമായ ഇടപെടലുകൾ ആയിരുന്നെന്നാണ് ശിവശങ്കർ മറുപടി നൽകിയത്. മാത്രമല്ല,​ വിവാദ ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷൻ സംബന്ധിച്ച് അറിയില്ലായിരുന്നുവെന്നും ശിവശങ്കർ പറഞ്ഞു. സ്വപ്നയെയും ശിവശങ്കറിനെയും രണ്ടു മുറികളിൽ വീഡിയോ കോൺഫറൻസിലൂടെ ഒരേസമയമായിരുന്നു ചോദ്യം ചെയ്തത്.

കമ്മിഷനെ കുറിച്ചറിയില്ല

യു.എ.ഇ സർക്കാരിന് കീഴിലുള്ള റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷനെ കുറിച്ച് അറിയാമായിരുന്നോയെന്ന് ശിവശങ്കറിനോട് എൻ.ഐ.എ ചോദിച്ചു. എന്നാൽ കമ്മിഷൻ വാങ്ങിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. ഇതേചോദ്യം എൻ.ഐ.എ സ്വപ്‌നയോടും ചോദിച്ചു. ഒരു കോടി കമ്മിഷനായി കിട്ടിയത് ശിവശങ്കറിനെ അറിയിച്ചിട്ടില്ലെന്ന് സ്വപ്‌നയും മറുപടി നൽകി. താൻ സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയ തീയതികളും വളരെ കൃത്യമായി തന്നെ ശിവശങ്കർ പറയുകയും ചെയ്തു. പരിശോധനയിൽ ഇത് ശരിയാണെന്നും എൻ.ഐ.എയ്ക്ക് ബോദ്ധ്യമായി.

സ്വർണക്കടത്ത് അറിഞ്ഞില്ലെന്ന് ശിവശങ്കർ

കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷും കൂട്ടാളികളും നയതന്ത്ര പാഴ്സലിൽ സ്വർണം കടത്തിയതിനെ കുറിച്ച് അറിയില്ലായിരുന്നെന്ന് ശിവശങ്കർ ആവർത്തിച്ചു. സ്വർണം പിടികൂടിയ ശേഷം സഹായം തേടി കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് മൂന്ന് തവണ വിളിച്ചു. എന്നാൽ, സഹായങ്ങൾ ഒന്നും ചെയ്തുകൊടുത്തില്ലെന്നും ശിവശങ്കർ വെളിപ്പെടുത്തി. അതേസമയം, ശിവശങ്കറിന് സ്വപ്‌നയുമായി കൂടുതൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി എൻ.ഐ.എയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്. സ്വപ്ന, സന്ദീപ് നായർ എന്നിവരു‌ടെ ഫോണുകൾ, ലാപ്ടോപ്പ് എന്നിവയിൽ നിന്ന് നശിപ്പിച്ച വിവരങ്ങൾ സി - ഡാക്ക് വീണ്ടെടുത്തതാണ് വഴിത്തിരിവായത്. ഈ ഡിജിറ്റൽ തെളിവുകളിൽ,​ സ്വപ്‌നയുമായുള്ള ശിവശങ്കറിന്റെ ചാറ്റിൽ നിന്നാണ് കൂടുതൽ സാമ്പത്തിക ഇടപാടുകളുടെയും ലൈഫ് പദ്ധതിയിലെ കമ്മിഷന്റെയും വിവരങ്ങളും ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെയും സ്വപ്‌നയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. 41 ചോദ്യങ്ങളാണ് എൻ.ഐ.എ ഇരുവരോടും ചോദിച്ചത്.

വീണ്ടും വിളിപ്പിച്ചേക്കും

വിട്ടയ​ച്ചെങ്കിലും ശിവശങ്കറിനെ വീണ്ടും വിളിപ്പിക്കാനും പ്രതിചേർക്കാനുമുള്ള സാദ്ധ്യതയും എൻ.ഐ.എ തള്ളുന്നില്ല. ക്രിമിനൽ നടപടിക്രമം 160 പ്രകാരമാണ് ശിവശങ്കറിനെ വിളിച്ചുവരുത്തിയതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞത്. ഇതുപ്രകാരം ചോദ്യം ചെയ്യപ്പെട്ടയാളെ പിന്നീട് തെളിവ് ലഭിച്ചാൽ പ്രതി ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യാനാകും. ശിവശങ്കർ നൽകിയ മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാകും ഇനി എൻ.ഐ.എയുടെ തുടർനടപടികൾ. ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ ശിവശങ്കറിനെ വീണ്ടും വിളിച്ചുവരുത്താൻ ഇടയുണ്ടെന്നും സൂചനയുണ്ട്.