metroman

തിരുവനന്തപുരം : പഞ്ചവടിപ്പാലം,​ വെള്ളാനകളുടെ നാട്എന്നീ ചിത്രങ്ങളിലൂടെയാണ് പൊതുമരാമത്ത് പണികളിലെ ഉള്ളുകള്ളികള്‍ തുറന്ന് കാണിക്കപ്പെട്ടത്. രാഷ്ട്രീയക്കാരും കോണ്‍ട്രാക്ടര്‍മാരും തമ്മിലുള്ള അവിശുദ്ധ ബന്ധവും അത് സര്‍ക്കാര്‍ നിര്‍മ്മിതികളുടെ ഗുണമേന്‍മയെ എപ്രകാരം ബാധിക്കുമെന്നും പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തുന്നതിന് ഈ ചിത്രങ്ങള്‍ക്കായി. എന്നാല്‍ പാലാരിവട്ടം പാലം നിര്‍മ്മിച്ചതിലൂടെ പഞ്ചവടിപ്പാലത്തിന്റെ ആവിഷ്‌കാരമാണ് കൊച്ചി നിവാസികള്‍ക്ക് നേരിട്ട് ബോദ്ധ്യമായത്. കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച മേല്‍പ്പാലം കേവലം രണ്ട് വര്‍ഷം പോലും ഗതാഗതത്തിന് ഉപയോഗിക്കാനാവാതെ അടച്ചിടേണ്ടി വരികയും, കോടതി ഉത്തരവിലൂടെ പാലം പുനര്‍ നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയുമാണ്.

വിവാദമായ പാലാരിവട്ടം നിര്‍മ്മാണത്തിന്റെ അതേ കാലയളവില്‍ കൊച്ചിയില്‍ ശ്രീധരന്റെ നേതൃത്വത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) നിര്‍മിച്ച നാല് പാലങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചയും വരുത്താതെ ആവശ്യത്തിന് സിമന്റും കമ്പിയും ചേര്‍ത്ത് നിര്‍മ്മിച്ചിട്ടും എസ്റ്റിമേറ്റ് തുകയേക്കാള്‍ 17.4 കോടി രൂപയാണ് ഡി.എം.ആര്‍.സിക്ക് ലാഭിക്കാനായത്. ന്യായമായ ലാഭമുണ്ടായിട്ടും ഗുണമേന്‍മയില്ലാത്ത നിര്‍മ്മിതികളിലൂടെ ഒരു വിഭാഗം കേരളത്തില്‍ നടത്തുന്ന തീവെട്ടിക്കൊള്ളയാണ് ഇതിലൂടെ തുറന്ന്കാട്ടപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്മിഷന്‍ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിനടക്കം ഉയര്‍ന്ന കോഴവിവാദവും ഈ അവസരത്തില്‍ ചര്‍ച്ചയാക്കേണ്ടതാണ്.


പാലാരിവട്ടം പാലം പുതുക്കി പണിയാന്‍ വേണ്ടി രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രി ഇ ശ്രീധരന്റെ സഹായം തേടിയതോടെയാണ് ഡി.എം.ആര്‍.സിയുടെ നിര്‍മ്മാണ മികവ് കേരളത്തിന് ബോദ്ധ്യമായത്. നാല് പാലം നിര്‍മ്മിച്ചപ്പോള്‍ അധികമായി ലഭിച്ച കോടികള്‍ പാലാരിവട്ടം നിര്‍മ്മാണത്തിന് ഉപയോഗിക്കാം എന്ന കേരളത്തിന് കേട്ടുകേള്‍വിയില്ലാത്ത വാഗ്ദാനമാണ് ഇ ശ്രീധരന്‍ കേരള സര്‍ക്കാരിന് മുന്‍പില്‍ വച്ചത്. അഴിമതിക്കഥകളും കമ്മിഷന്‍ ഇടപാടുകളും സര്‍ക്കാര്‍ പദ്ധതികളിലെ ധൂര്‍ത്തും മാത്രം പരിചയിച്ച കേരളത്തിന് കേട്ടുകേള്‍വി പോലുമില്ലാത്തതാണ് മെട്രോമാന്റെ വാഗ്ദാനം. പുനര്‍നിര്‍മാണ ജോലി ഒരാഴ്ചയ്ക്കകം തുടങ്ങുമെന്നും ഒമ്പതു മാസത്തിനകം പണി പൂര്‍ത്തിയാക്കി പാലം തുറന്നുകൊടുക്കുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

മിച്ചം വന്ന തുക ഡി.എം.ആര്‍.സിയുടെ അക്കൗണ്ടില്‍ നിന്ന് സര്‍ക്കാരിന് തിരികെ നല്‍കാനിരിക്കമ്പോഴാണ് പുതിയ നിയോഗമെത്തിയത്. പുനര്‍നിര്‍മ്മാണം ഏറ്റെടുക്കാന്‍ സമ്മതം അറിയിച്ചുകൊണ്ടുള്ള ഇ. ശ്രീധരന്റെ കത്ത് ലഭിച്ചതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഫോണില്‍ സംസാരിച്ചപ്പോള്‍ പാലം നിര്‍മ്മാണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ച് മറുപടി പറയാമെന്നായിരുന്നു . ശ്രീധരന്റെ മറുപടി. പിന്നീട് ഫോണില്‍ സമ്മതമറിയിച്ചു.

ഇന്നലെയാണ് പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം ഏറ്റെടുക്കുന്നതിന് സമ്മതമറിയിച്ച് ശ്രീധരന്റെ ഔദ്യോഗിക കത്ത് സര്‍ക്കാരിനു ലഭിച്ചത്. മുമ്പു നടത്തിയ നിര്‍മ്മാണങ്ങള്‍ക്ക് വിനിയോഗിച്ചതിനു ശേഷം ബാക്കി നില്‍ക്കുന്ന തുക ഉപയോഗിച്ച് ഡി.എം.ആര്‍.സി തന്നെ നിര്‍മാണജോലി ഏറ്റെടുക്കുമെന്ന് ശ്രീധരന്‍ അറിയിച്ചതായും മന്ത്രി സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളിലെ ആശയക്കുഴപ്പത്തെ തുടര്‍ന്ന് ഡി.എം.ആര്‍.സി കേരളത്തിലെ ഓഫീസുകള്‍ അടച്ചു പൂട്ടിയിരുന്നു. ഉദ്യോഗസ്ഥരും ഡല്‍ഹിയിക്കു മടങ്ങി. അതിനാലാണ് പുനര്‍നിര്‍മ്മാണം ഏറ്റെടുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതായി ശ്രീധരന്‍ ആദ്യം അറിയിച്ചത്. എണ്‍പത്തിയെട്ടിലെത്തിയ ശ്രീധരന്‍ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കൂടി അറിയിച്ചപ്പോള്‍ ഡി.എം.ആര്‍.സിയുടെ നേതൃത്വത്തില്‍ പാലം പുനര്‍നിര്‍മിക്കുന്നതാണ് നല്ലതെന്നും സഹായിക്കണമെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.

ഇതേത്തുടര്‍ന്നാണ് ചുമതലയേറ്റെടുക്കാനുള്ള ശ്രീധരന്റെ തീരുമാനം. ഡി.എം.ആര്‍.സിയില്‍ നിന്ന് സംസ്ഥാന റെയില്‍വേ വികസന കോര്‍പറേഷനിലേക്കു പോയ ചീഫ് എന്‍ജിനിയര്‍ കേശവ് ചന്ദ്രനെ ഡെപ്യൂട്ടേഷനില്‍ തിരികെ കൊണ്ടുവരാനും നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി എത്രയും വേഗം പണി ആരംഭിക്കാനും ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.