തിരുവനന്തപുരം: നാൽപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. വളരെ ആസൂത്രിതമായാണ് ഉണ്ണിക്കൃഷ്ണൻ കുഞ്ഞിനെ കൊന്നതെന്ന് സംശയമുണ്ടെന്നും, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇയാൾ ശ്രമിച്ചുവെന്നും തിരുവല്ലം സി.ഐ. വി.സജികുമാർ പറഞ്ഞു
നൂലുകെട്ട് ദിവസമായ ഇന്നലെ കുഞ്ഞിന്റെ പിതാവായ പാച്ചല്ലൂർ ഉണ്ണികൃഷ്ണൻ അമ്മൂമ്മയെ കാണിക്കാനെന്നും പറഞ്ഞാണ് കുഞ്ഞിനെ കൊണ്ടുപോയത്. കുട്ടിയെ പ്ലാസ്റ്റിക് കവറിലിട്ട് ഒളിപ്പിച്ച ശേഷം രാത്രി മാലിന്യം കളയാനെന്ന വ്യജേനയാണ് പുഴയിലെത്തിയത്. ശേഷം കുട്ടിയെ ആറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.
കുഞ്ഞുമായി ഉണ്ണികൃഷ്ണൻ തിരിച്ചുവരാതായതോടെ ഭാര്യ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇന്നു പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയും ഭാര്യയും തമ്മിൽ അകന്നു കഴിയുകയായിരുന്നു. മുമ്പ് ഇയാൾക്കെതിരെ യുവതി ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു.