ലോക്ക്ഡൗണിൽ വീട്ടിൽ ചടഞ്ഞുകൂടിയിരുന്ന് മൊബൈലിലൂടെ പ്രണയിച്ചവരും വാട്‌സാപ്പ് ചാറ്റിലൂടെ പങ്കാളിയെ കണ്ടെത്തിയവരും നിരവധി പേരാണ്. ആഘോഷങ്ങളെല്ലാം ഒഴിവാക്കി ജീവിതസഖിയെ ഒപ്പം കൂട്ടി വിവാഹം കഴിച്ചവരും അനവധി പേർ. അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്‌തമായ കഥയാണ് ഇനി പറയുന്നത്. ലോക്ക്ഡൗൺ കാലത്തെ റോമിയോ ആൻഡ് ജൂലിയറ്റ് എന്നറിയപ്പെടുന്ന ഇറ്റാലിയൻ ദമ്പതിമാരുടെ കഥ.
മഹാമാരി കാരണം പുറത്തിറങ്ങാനാകാതെ എല്ലാവരും വീട്ടിലിരുന്ന സമയത്താണ് "റോമിയോ ആൻഡ് ജൂലിയറ്റ്" കഥ നടന്ന അതേ പരിസരമായ വെറോണയിൽ മറ്റൊരു പ്രണയഥ തുടങ്ങുന്നത്. എന്നാൽ കൊവിഡ് കാലത്തെ ഈ പ്രണയജോഡികൾക്ക് ഷേക്‌സ്‌പീയറിന്റെ പ്രേമകഥകളെ പോലെ ദാരുണമായ അന്ത്യം ഉണ്ടായില്ല. കണ്ടുമുട്ടി ആറുമാസത്തിന് ശേഷം അവർ വിവാഹിതരാവുകയാണ്.
കഥയുടെ ആരംഭം ഇങ്ങനെയാണ്. ബാൽക്കണിയിലൂടെ നടക്കവെയാണ് മുപ്പത്തിയെട്ടുകാരനായ മിഷേൽ ഡി അൽപാവോസ നാൽപ്പതുകാരിയായ പൗല അഗ്നെലിയെ ശ്രദ്ധിക്കുന്നത്. അഗ്നെലി അന്ന് രാത്രി തന്റെ ടെറസിൽ നിന്ന് അൽപാവോസിനെ കണ്ടു. ആദ്യ കാഴ്ചയിൽ തന്നെ അവളുടെ സൗന്ദര്യവും പുഞ്ചിരിയും തന്നെ സ്‌പർശിച്ചുവെന്ന് അൽപാവോസ് പറയുന്നു.
അന്നുമുതൽ അവളെ കുറിച്ച് അറിയണമെന്ന വല്ലാത്തൊരു ആഗ്രഹം മിഷേൽ ഡി അൽപാവോസിന് ഉണ്ടായി. ആറാം നിലയിലെ ബാൽക്കണിയിൽ അഗ്നെലി പലതവണ തനിക്ക് നേരെ വന്ന് നിന്നിട്ടുണ്ട്. ഒരു ദിവസം സന്ധ്യയ്‌ക്ക് ആറ് മണിയ്ക്ക് സംഗീത പ്രകടനത്തിന്റെ ഭാഗമായി അൽപാവോസയുടം സഹോദരി വയലിൻ വായിച്ചപ്പോൾ അഗ്‌നെലി അത് നോക്കി നിന്നു. അതിനിടെയാണ് അൽപാവോസിന്റെ നോട്ടം അഗ്നെലിയുടെ ശ്രദ്ധയിൽപ്പെടുന്നത്.
അഞ്ച് വയസുളളപ്പോൾ മുതൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അഗ്നെലി താമസിക്കുന്നുണ്ട്. അപ്പാർട്ട്മെന്റിലെ ഏഴാം നിലയിൽ, ജീവിതത്തിന്റെ ഭൂരിഭാഗവും തന്റെ എതിർവശത്തായി താമസിച്ചിട്ടുണ്ടെങ്കിലും അവളെ ഇതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ലെന്ന് അൽപാവോസ് പറയുന്നു. അൽപാവോസിനെ കണ്ടയുടൻ എന്തൊരു സുന്ദരനായ പുരുഷനെന്ന് താൻ ചിന്തിച്ചിരുന്നുവെന്ന് അഗ്നെലി പറയുന്നു. അൽപാവോസിന്റെ സഹോദരിക്ക് അഗ്നെലിയെ നേരത്തെ അറിയാമായിരുന്നു. ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മുമ്പ് ഇരുവരും ഒരേ ജിമ്മിലായിരുന്നു ഫിറ്റ്‌നസ് ട്രെയിനിംഗിനായി പോയിരുന്നത്.
അൽപാവോസിന് അഗ്നെലിയുടെ പേര് കൈമാറുന്നത് സഹോദരിയാണ്. സാദ്ധ്യമായ എല്ലാ സോഷ്യൽ നെറ്റ്‌വർക്കുകളിലും താൻ അവളെ തിരഞ്ഞുവെന്ന് അൽപാവോസ് പറയുന്നു. ഒടുവിൽ അവൾക്ക് ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഉണ്ടെന്ന് കണ്ടുപിടിച്ചു. അഞ്ച് മിനിറ്റിനുള്ളിൽ താൻ ഒരു അക്കൗണ്ട് സൃഷ്ടിച്ച് അവളെ പിന്തുടരുകയായിരുന്നു. അവിടെ നിന്ന് തങ്ങൾ രാത്രി വൈകുവോളം സംസാരിക്കാൻ തുടങ്ങി. അൽപാവോസ് തന്നോട് സംസാരിക്കുമ്പോൾ താൻ സന്തുഷ്ടയായിരുന്നുവെന്നാണ് അഗ്നെലി പറയുന്നത്.
സംഭാഷണണങ്ങൾ പുലർച്ചെ മൂന്ന് മണിവരെയൊക്കെ നീണ്ടുപോയിട്ടുണ്ട്. തുടർന്നുളള ദിവസങ്ങളിലും ആഴ്ചകളിലും നിരന്തരം സംസാരിക്കുന്നത് തുടർന്നു. പലപ്പോഴും സമയത്തിന്റെ ട്രാക്ക് നഷ്ടപ്പെട്ടു. പരസ്‌പരം കാണാനും സംസാരിക്കാനുമായി ഒരു തീയതിയ്‌ക്കായി അവർ കൊതിച്ചിരുന്നുവെങ്കിലും ഇറ്റലി നിർബന്ധിത ലോക്ക്ഡൗണിൽ തുടർന്നു. ആറുമാസം മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ടെലിഫോൺ കോളുകളിലൂടെയും ദിവസേനയുള്ള ബാൽക്കണി ഉല്ലാസത്തിലൂടെയും അവരുടെ ബന്ധം കടന്നുപോയി. അകലെ നിന്ന്, ദമ്പതികൾ പരസ്പരം അറിയുകയും സമാന ആശയങ്ങൾ അവർ പങ്കുവയ്‌ക്കുകയും ചെയ്തു.
അഗ്നെലി ഒരു അഭിഭാഷകയാണ്. കമ്പ്യൂട്ടർ സംബന്ധമായ ജോലികളിൽ തൽപരനാണ് അൽപാവോസ്. ഇരുന്നൂറ് മീറ്റർ അപ്പുറത്തിരുന്ന് ഒന്നിലധികം പൂച്ചെണ്ടുകൾ അയച്ചുകൊണ്ടാണ് അൽപാവോസ് തന്റെ പ്രണയം അവളോട് പറഞ്ഞു തുടങ്ങിയത്. എന്നാൽ ഇത് പര്യാപ്‌തമല്ലെന്ന് അയാൾ പിന്നീട് തീരുമാനിക്കുകയായിരുന്നു. തന്റെ പ്രണയം പൂർണമായി പ്രദർശിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ, അൽപാവോസ് ഒരു പഴയ ബെഡ്‌ഷീറ്റ് ബാൽക്കണിയിൽ തൂക്കിയിട്ടു. അതിൽ തന്റെ പ്രണയം അയാൾ എഴുതാൻ തുടങ്ങി. തുടർന്നാണ് പ്രാദേശിക വാർത്തകളിലും സമൂഹ മാദ്ധ്യമങ്ങളിലും ഇവർ ആധുനിക കാലത്തെ റോമിയോ ആൻഡ് ജീലിയറ്റ് എന്നറിയപ്പെടാൻ തുടങ്ങിയത്.
ഒരു പ്രാദേശിക പാർക്കിൽ വച്ചാണ് ഒടുവിൽ അവർ കണ്ടുമുട്ടുന്നത്. അണിഞ്ഞിരുന്ന മാസ്‌കുകൾ മാറ്റി അവർ പരസ്‌പരം ചുംബിച്ചു. ജൂലായ് ആയതോടെ ദമ്പതികളുടെ കുടുംബങ്ങൾ പരസ്‌പരം കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്‌തു. ഇപ്പോഴും രാത്രികളിൽ അതേ ബാൽക്കണികളിൽ ഇരുന്ന് അവർ പരസ്‌പരം സംസാരിക്കുകയും ഫോൺ വിളിക്കുകയും ചെയ്യുകയാണ്. ഓർമ്മകൾ തളംകെട്ടി നിൽക്കുന്ന ബാൽക്കണിയിൽ വച്ചുതന്നെയാണ് വിവാഹം നടത്താൻ പദ്ധതിയിടുന്നതെന്നാണ് അൽപാവോസ് പറയുന്നത്.
ഞങ്ങൾ കണ്ടുമുട്ടാൻ വിധിക്കപ്പെട്ടവരാണെന്ന് വിശ്വസിക്കുന്നു. മിഷേൽ അൽപാവോസ് തന്റെ പരേതനായ മുത്തച്ഛന്റെ പേര് കൂടിയാണ്. പലതവണ അതേ ദയയോടും അതേ സഹതാപത്തോടും കൂടിയാണ് അദ്ദേഹം തന്നോട് പെരുമാറിയതെന്നാണ് അഗ്‌നെലി പ്രണയത്തെപ്പറ്റി പറയുന്നത്. പെട്ടെന്നുളളതും സമർപ്പിതവുമായ അവരുടെ പ്രണയകഥ വെറോണിയിലാകെ ഇപ്പോൾ ചർച്ചാവിഷയമാണ്.