തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ എൻ ഐ എ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് സൂചന. ഇതിന്റെ ഭാഗമായി സി ആപ്റ്റിലെ സർക്കാർ വാഹനം ഉപയോഗിച്ച് മലപ്പുറത്തേയ്ക്ക് ഖുറാൻ കൊണ്ടുപോയതിൽ അന്വേഷണം കേന്ദ്രീകരിക്കുകയാണിപ്പോൾ. സ്വപ്നയും സംഘവും കോൺസുലേറ്റിലെ സ്വാധീനം ഉപയോഗിച്ച് മന്ത്രിയെ കൊണ്ട് ഖുറാനടങ്ങിയ പെട്ടികൾ സർക്കാർ വാഹനത്തിൽ കടത്തുകയായിരുന്നു. എന്നാൽ മതഗ്രന്ഥങ്ങൾ കൊണ്ടുപോയ വാഹനത്തിലെ ജി പി എസ് പ്രവർത്തിക്കാതിരുന്നത് കൂടുതൽ സംശയത്തിന് ഇടയാക്കുന്നുണ്ട്.
സി ആപ്റ്റിലെ നാലു വാഹനങ്ങളിൽ കെൽട്രോണാണ് ജി.പി.എസ്. സംവിധാനം 2017ൽ ഘടിപ്പിച്ചത്. ഇതുവരെ ഒരു തകരാറും സംഭവിച്ചിട്ടില്ല. തൃശ്ശൂരിലെത്തിയശേഷം ജി.പി.എസ്. പ്രവർത്തനരഹിതമായതിനെക്കുറിച്ച് സി ആപ്റ്റിൽ അന്വേഷണമുണ്ടായിട്ടുമില്ല. തൊട്ടടുത്ത ദിവസങ്ങളിൽ ഇതേ വാഹനങ്ങളിലെ ജി പി എസ്. വീണ്ടും പ്രവർത്തിച്ചുതുടങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. തകരാർ പരിഹരിക്കാതെ തന്നെ പ്രശ്നം പരിഹരിക്കാനായത് എങ്ങനെയെന്നത് ചോദ്യമായി അവശേഷിക്കുന്നു. സാങ്കേതിക തികവോടെയാണ് കെൽട്രോൺ ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിരിക്കുന്നത്. സീൽ ചെയ്ത കവറിലാണ് ജി പി എസ് ട്രാക്ക് ചെയ്യുന്ന ഉപകരണം സൂക്ഷിച്ചിരിക്കുന്നത്. തൃശൂർ എത്തിയപ്പോഴാണ് വാഹനത്തിലെ ജി പി എസ് സംവിധാനം പ്രവർത്തന രഹിതമായതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബാറ്ററി ചാർജ് വാഹനത്തിന്റെ ബാറ്ററിയുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുകയാണ്. വാഹനത്തിൽനിന്നുളള ബന്ധം വിച്ഛേദിച്ചാലും ജി.പി.എസിലെ ബാറ്ററി ആറുമണിക്കൂറോളം പ്രവർത്തിക്കും. ഇതിനർത്ഥം സി ആപ്റ്റിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ജി.പി.എസ്. ബന്ധം വിച്ഛേദിച്ചിട്ടുണ്ടാകാമെന്നാണ്. അതിനാൽ തന്നെ ശാസ്ത്രീയ മാർഗങ്ങളിലൂടെ തെളിവ് ശേഖരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ജി പി എസിലെ എല്ലാ വിവരങ്ങളും ക്ലൗഡ് സെർവറിലാണ് ശേഖരിക്കപ്പെടുന്നത്. ക്ലൗഡ് സെർവറിൽ നിന്ന് ഇതുസംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭിക്കും. കെൽട്രോണിന്റെയും സിഡാക്കിന്റെയും സഹായത്തോടെ വിവരങ്ങൾ വീണ്ടെടുക്കാനാണ് ശ്രമം. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ എൻ ഐ എ സംഘം സി ആപ്റ്റിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ജീവനക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നെങ്കിലും പറഞ്ഞു പഠിപ്പിച്ച രീതിയിലായിരുന്നു ജീവനക്കാരുടെ മൊഴിയെന്ന സംശയം ഉയർന്നിരുന്നു. ഇതേ തുടർന്ന് വാഹനത്തിലെ ജി.പി.എസ്.സംവിധാനത്തിന്റെ റെക്കോഡറും ലോഗ് ബുക്കും എൻ.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്.